യുഫേഫ കോൺഫറൻസ് ലീഗിൽ ആദ്യ പാദ സെമിയിൽ ഇറ്റാലിയൻ ടീം ഫിയറന്റീനയെ അവരുടെ മൈതാനത്ത് തിരിച്ചു വന്നു തോൽപ്പിച്ചു എഫ്.സി ബാസൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് സ്വിസ് ക്ലബ് ജയം കണ്ടത്. ആദ്യ പകുതിയിൽ നന്നായി കളിച്ച ഇറ്റാലിയൻ ടീമിന് ആയി കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ലൂകാസ് മാർട്ടിനസിന്റെ പാസിൽ നിന്നു ആർതർ കാബ്രാൽ തന്റെ മുൻ ക്ലബിന് എതിരെ ഗോൾ നേടി. എന്നാൽ തുടർന്ന് ലഭിച്ച അവസരങ്ങൾ ഗോൾ ആക്കി മാറ്റാൻ അവർക്ക് ആയില്ല.
രണ്ടാം പകുതിയിൽ ശാക്കയുടെ പാസിൽ നിന്നു മികച്ച സോളോ ഗോൾ 71 മത്തെ മിനിറ്റിൽ നേടിയ ആന്റി ഡിയോഫ് സ്വിസ് ക്ലബിന് അർഹിച്ച സമനില സമ്മാനിച്ചു. തുടർന്ന് ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ ആണ് ബാസൽ വിജയഗോൾ കണ്ടത്തുന്നത്. ഡാരിയൻ മലസിന്റെ ശക്തമായ ക്രോസിൽ നിന്നു സെകി അമദൗനിയാണ് അവർക്ക് വിജയഗോൾ സമ്മാനിച്ചത്. ഇറ്റാലിയൻ ടീമിന് എതിരെ ലഭിച്ച മുൻതൂക്കം സ്വന്തം മൈതാനത്ത് നിലനിർത്താൻ ആവും രണ്ടാം പാദത്തിൽ സ്വിസ് ക്ലബിന്റെ ശ്രമം.