ചെൽസിയെ തോൽപ്പിച്ച് കമ്മ്യൂണിറ്റി ഷീൽഡ് മാൻ സിറ്റിക്ക്

കമ്മ്യൂണിറ്റി ഷീൽഡ് കിരീടം മാൻ സിറ്റിക്ക്. എഫ്എ കപ്പ് ചാമ്പ്യന്മാരായ ചെൽസിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് സിറ്റി കിരീടം നേടിയത്. ഇരു പകുതികളിലുമായി അഗ്യൂറോയാണ് സിറ്റിയുടെ രണ്ടു ഗോളുകളും നേടിയത്.

സിറ്റിയുടെ ആധ്യപത്യത്തോടെയാണ് മത്സരം തുടങ്ങിയത്, നിരന്തരം ചെൽസി ഗോൾ മുഖത്തേക്ക് എത്തിയ സിറ്റി 13ആം മിനിറ്റിൽ തന്നെ ഗോൾ നേടി. ഫിൽ ഫോഡന്റെ പാസിൽ ആണ് അഗ്യൂറോ ഗോൾ കണ്ടെത്തി. ആദ്യ പകുതിയിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചിട്ടും മികച്ച നീക്കങ്ങൾ ഒന്നും ഉണ്ടാക്കാൻ കഴിയാതിരുന്നത് ചെൽസിക്ക് തിരിച്ചടിയായി.

58ആം മിനിറ്റിൽ ആണ് സിറ്റിയുടെ രണ്ടാം ഗോൾ പിറന്നത്, ചെൽസി മധ്യനിരയിൽ സംഭവിച്ച പിഴവ് മുതലെടുത്തു പന്തുമായി മുന്നേറിയ ബെർണാഡോ സിൽവ പന്ത് അഗ്യൂറോക്ക് കൈമാറി, പിഴവൊന്നും കൂടാതെ അഗ്യൂറോ പന്ത് വലയിൽ എത്തിച്ചു.

പുതിയ മാനേജർ സാരിയുടെ കീഴിലെ ആദ്യ ഒഫിഷ്യൽ മത്സരത്തിന് ഇറങ്ങിയ ചെൽസിക്ക് ഒരിക്കൽ പോലും സിറ്റിക്കെതിരെ വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല, ആറു ഷോട്ടുകൾ മാത്രമാണ് സിറ്റിക്കെതിരെ അടിക്കാൻ ചെൽസിക്ക് കഴിഞ്ഞത്, അതിൽ രണ്ടെണ്ണം മാത്രമായിരുന്നു ഗോളിലേക്ക് ഉണ്ടായിരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial