മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തം ഗോൾ പോസ്റ്റിൽ നിറയെ ഗോൾ വാങ്ങുന്ന സങ്കടത്തിൽ നിൽക്കുമ്പോൾ ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഗോൾ തടഞ്ഞ് കയ്യടി വാങ്ങുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ചാമ്പ്യൻഷിപ്പ് ക്ലബായ ഷെഫീൽഡ് യുണൈറ്റഡിന്റെ വല കാക്കുന്ന ഡീൻ ഹെൻഡേഴ്സണാണ് താരമായി മാറിയിരിക്കുന്നത്.
ഇന്നലെ ഇപ്സിച് ടൗണിനെതിരെ ഷെഫീൽഡ് യുണൈറ്റഡ് വിജയിച്ചതോടെ ഷെഫീൽഡ് പ്രീമിയർ ലീഗിലേക്ക് തിരികെ വരുമെന്ന് ഉറപ്പായിരുന്നു. ഷെഫീൽഡിന്റെ പ്രീമിയർ ലീഗിലേക്കിള്ള പ്രൊമോഷന്റെ പ്രധാന ക്രെഡിറ്റും പോവുക ഡീൻ ഹെൻഡേഴ്സണായിരിക്കും. 22കാരനായ ഡീൻ ഷെഫീൽഡ് ഗോൾ വലയ്ക്ക് മുന്നിൽ ഒരു കാവൽ മാലാഖ തന്നെ ആയിരുന്നു. ഇന്നലത്തേത് അടക്കം ലീഗിൽ മാത്രം 21 ക്ലീൻഷീറ്റുകളാണ് ഡീൻ ഹെൻഡേഴ്സൺ സ്വന്തമാക്കിയത്.
യൂറോപ്പിൽ ഒരു ഗോൾ കീപ്പറും ഈ സീസണിൽ 21 ക്ലീൻ ഷീറ്റ് സ്വന്തമാക്കിയിട്ടില്ല. ഈ 2019ൽ മാത്രം 14 ക്ലീൻസ് ഹീറ്റുകൾ ഹെൻഡേഴൺ തന്റെ പേരിലാക്കി. 44 മത്സരങ്ങളിൽ നിന്ന് വെറും 39 ഗോളുകൾ മാത്രമാണ് ഡീൻ ഇത്തവണ വഴങ്ങിയത്. 22കാരനാണെങ്കിലും ഹെൻഡേഴ്സൺ കാണിക്കുന്ന പക്വതയും ടീമിനെ നയിക്കാനുള്ള കഴിവും താരത്തെ ഷെഫീൽഡ് യുണൈറ്റഡിലെ ആരാധകരുടെ പ്രിയ താരമാക്കി മാറ്റിയിരിക്കുകയാണ്.
അവസാന കുറച്ച് വർഷങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സ്ഥിരമായി ലോണിൽ പോകുന്ന ഡീൻ അടുത്ത വർഷം യുണൈറ്റഡിനൊപ്പം നിൽക്കുമോ എന്ന് കണ്ടറിയണം. ഫോമിൽ ഇല്ലാത്ത ഡി ഹിയക്ക് പകരം ഡീനിനെ പരീക്ഷിക്കണമെന്ന് ഒരു ചെറിയ വിഭാഗം ആരാധകർ ഇപ്പോൾ പറയുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടായാലും ഇല്ലായെങ്കിലും അടുത്ത സീസൺ മുതൽ പ്രീമിയർ ലീഗിൽ തന്നെ ഡീൻ വല കാക്കും എന്നാണ് കരുതപ്പെടുന്നത്.