മാഡ്രിഡിൽ നടന്ന ഒരു ത്രില്ലർ മത്സരം അവസാനം സമനിലയിൽ അവസാനിച്ചു. ഇന്ന് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ ആറ് ഗോളുകൾ പിറന്നപ്പോൾ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും മൂന്ന് ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു.
ഇന്ന് ബെർണബയുവിൽ വെടിക്കെട്ട് തുടക്കമാണ് മത്സരത്തിന് ലഭിച്ചത്. കളി ആരംഭിച്ചു രണ്ടാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തു. ഒരു ഫ്രീകിക്ക് തന്ത്രപരമായി ലക്ഷ്യത്തിൽ എത്തിച്ച് ബെർണാഡോ സിൽവ ആണ് മാഞ്ചസ്റ്റർ സിറ്റിക്ക് ലീഡ് നൽകിയത്. എന്നാൽ പത്ത് മിനുട്ട് മാത്രം ആ ലീഡ് നിലനിർത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് ആയുള്ളൂ.
12ആം മിനുട്ടിൽ കാമവിംഗയിലൂടെ റയൽ മാഡ്രിഡ് സമനില കണ്ടെത്തി. കാമവിംഗയുടെ ഒരു ഷോട്ട് വലിയ ഡിഫ്ലക്ഷന്റെ സഹായത്തോടെയാണ് വലയിൽ പതിച്ചത്. ഈ ഗോൾ വന്ന് നിമിഷങ്ങൾക്ക് അകം റയൽ മാഡ്രിഡ് ലീഡ് എടുക്കുകയും ചെയ്തു. 14ആം മിനുട്ടിൽ വിനീഷ്യസിന്റെ അസിസ്റ്റിൽ നിന്ന് റോഡ്രിഗോ ആണ് പന്ത് വലയിൽ എത്തിച്ചത്. സ്കോർ 2-1. ആദ്യ പകുതിയിൽ ഈ ലീഡ് നിലനിർത്താൻ റയൽ മാഡ്രിഡിനായി.
രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി സമനില കണ്ടെത്താനായുള്ള ശ്രമങ്ങൾ തുടർന്നു. മത്സരത്തിന്റെ 67ആം മിനുട്ടിൽ ഫിൽ ഫോഡന്റെ ഒരു കിടിലം ഇടം കാലൻ സ്ട്രൈക്ക് മാഞ്ചസ്റ്റർ സിറ്റിക്ക് സമനില നൽകി. സ്കോർ 2-2. ഈ സീസണിലെ ഫോഡന്റെ 22ആം ഗോളായിരുന്നഡിഫ
71ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി ലീഡും എടുത്തു. ഡിഫൻഡർ ഗ്വാർടിയോളിന്റെ ഒരു റോക്കറ്റ് ആണ് റയൽ ഡിഫൻസ് ഭേദിച്ച് വലയിൽ കയറിയത്. ഗ്വാർഡിയോളിന്റെ മാഞ്ചസ്റ്റർ സിറ്റി കരിയറിലെ ആദ്യ ഗോളായിരുന്നു. സ്കോർ 2-3.
അവിടെയും ഗോൾ ഒഴുക്ക് അവസാനിച്ചില്ല. 79ആം മിനുട്ടിക് വാല്വെർദെയിലൂടെ റയൽ മാഡ്രിഡ് സമനില പിടിച്ചു. വിനീഷ്യസിന്റെ പാസിൽ നിന്ന് ഒരു വോളിയിലൂടെ ആയിരുന്നു വാല്വെർദെയുടെ ഗോൾ. ഒരു പാട് നല്ല ഗോളുകൾ പിറന്ന മത്സരത്തിലെ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്. സ്കോർ 3-3.
ഇതിനു ശേഷം വിജയ ഗോളിനായി രണ്ട് ടീമും ശ്രമിച്ചു എങ്കിലും വന്നില്ല.