ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന മത്സരത്തിൽ റയൽ മാഡ്രിഡ് ക്ലബിന് എതിരാളികൾ സെൽറ്റിക്. ഗ്രൂപ്പിൽ ഒന്നാമതുള്ള റയലിന് സ്ഥാനം നിലനിർത്തണമെങ്കിൽ വിജയം അനിവാര്യമാണ്. അതേ സമയം ഒറ്റ മത്സരം പോലും വിജയിക്കാൻ ആവാത്ത സെൽറ്റിക്കിനാകട്ടെ ഇത് അഭിമാന പോരാട്ടവും. ശക്തറിനെ നേരിടുന്ന ലെപ്സിഗ് റയലിന് ഒരു പോയിന്റുമാത്രം പിറകിലാണ്. അതു കൊണ്ടു തന്നെ സമനില പോലും റയലിന് തിരിച്ചടി ആവും.
പ്രമുഖ താരങ്ങൾ ഇല്ലാതെ ലെപ്സിഗിനെ നേരിട്ട റയൽ കഴിഞ്ഞ മത്സരത്തിൽ തോൽവി നേരിട്ടതോടെയാണ് ഗ്രൂപ്പിൽ ചിത്രംമാറി മറിഞ്ഞത്. പരിക്ക് ഭേദമാവാത്ത കരിം ബെൻസിമ ഒരിക്കൽ കൂടി പുറത്തിരിക്കും. ഇതു വരെ വിജയം നേടാൻ ആവാതെ സെൽറ്റിക് റയലിന് കാര്യമായ ഭീഷണി ഉയർത്തില്ല. ബെൻസിമയുടെ അഭാവത്തിൽ വിനിഷ്യസും റോഡ്രിഗോയും തന്നെ മുന്നേറ്റത്തെ നയിക്കും.
ഏദൻ ഹസാർഡിനും ആൻസലോട്ടി സമയം അനുവദിച്ചേക്കും. ഫെഡെ വാൽവെർഡേക്കൊപ്പം മോഡ്രിച്ചും ക്രൂസും തന്നെ മധ്യ നിരയിൽ എത്തും. പരിക്കിന്റെ ആശങ്കകളുള്ള ചൗമേനിക്ക് പകരം സെബയ്യോസിന് അവസരം നൽകാനും സാധ്യതയുണ്ട്.