ഇന്ന് പാരീസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജീവന്മരണ പോരാട്ടമാണ്. വർഷങ്ങളായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാത്ത മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് അത് കാണണമെങ്കിൽ അത്ഭുതം തന്നെ കാണിക്കേണ്ടി വരും. കാരണം ഇന്ന് പ്രീക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ അത്ര വലിയ കടമ്പയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കടക്കാനുള്ളത്. ആദ്യ പാദത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകളുടെ വിജയം പി എസ് ജി സ്വന്തമാക്കിയിരുന്നു.
പി എസ് ജിയുടെ ഹോമിൽ ചെന്ന് ഈ 2-0 എന്ന ലീഡ് മറികടക്കുക ഒട്ടും എളുപ്പമായിരിക്കില്ല. ഒലെ ഗണ്ണാർ സോൾഷ്യർ മാഞ്ചസ്റ്റർ പരിശീലകനായ ശേഷം പരാജയപ്പെട്ട ഏക മത്സരമായിരുന്നു പി എസ് ജിക്ക് എതിരായ ആദ്യ പാദം. ഇന്ന് ഒലെ വിചാരിച്ചാലും കാര്യങ്ങൾ മാഞ്ചസ്റ്ററിനെ അനുകൂലിക്കുന്നില്ല. പരിക്ക് കാരണം പത്തോളം താരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഇന്നില്ല. മാർഷ്യൽ, മാറ്റിച്, ലിംഗാർഡ്, ഹെരേര, സാഞ്ചസ് തുടങ്ങിയവർ എല്ലാം പുറത്താണ്. ഒപ്പം പോഗ്ബയുടെ സസ്പെൻഷനും യുണൈറ്റഡിന് തിരിച്ചടിയാണ്. ഒരുപറ്റം യുവതാരങ്ങളെയും ഉൾപ്പെടുത്തിയാണ് ഒലെ ഇന്ന് പി എസ് ജിക്ക് എതിരെ കളിക്കാൻ എത്തിയിരിക്കുന്നത്.
മറുവശത്ത് പി എസ് ജി മികച്ച ഫോമിൽ തന്നെയാണ്. എമ്പപ്പെ ഫ്രഞ്ച് ലീഗിൽ കണക്കില്ലാത്ത തരത്തിൽ ഗോൾ അടിക്കുകയാണ്. ആദ്യ പാദത്തിലെ ഹീറോ ഡി മറിയ ഇന്നും അത്ഭുതങ്ങൾ കാണിക്കും എന്ന് പി എസ് ജി ആരാധകർ പ്രതീക്ഷിക്കുന്നു. ഒപ്പം കവാനി പരിക്ക് മാറി ഇന്ന് മടങ്ങിയെത്തുകയും ചെയ്യും. സസ്പെൻഷനിൽ ഉള്ള വെറാട്ടി ഇന്ന് ഉണ്ടാകില്ല എന്നത് മാത്രമാണ് പി എസ് ജിയെ അലട്ടുന്ന പ്രശ്നം.
ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുക.