നെയ്മറിന്റെ വിലക്ക് രണ്ടു മത്സരങ്ങളാക്കി കുറച്ചു

യുവേഫ ചാമ്പ്യൻസ് ലീഗിൽ നെയ്മറിനുണ്ടായിരുന്ന വിലക്ക് കുറച്ചു. നേരത്തെ മൂന്ന് മത്സരങ്ങളിൽ വിലക്ക് ലഭിച്ചിരുന്ന നെയ്മറിന്റെ അപ്പീൽ പരിഗണിച്ച് വിലക്ക് രണ്ട് മത്സരമാക്കി യുവേഫ കുറച്ചു. റയൽ മാഡ്രിഡിന് എതിരെയും ഗലറ്റസറെയ്ക്കും എതിരായ മത്സരങ്ങൾ നെയ്മറിന് നഷ്ടമാകും. പക്ഷെ ക്ലബ് ബ്രുഗെയ്ക്ക് എതിരായ മത്സരത്തിന് നെയ്മറിന് ഇറങ്ങാൻ ആകും.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പി എസ് ജിക്ക് ഏറ്റ ഞെട്ടിക്കുന്ന തോൽവിയിൽ രോഷം കൊണ്ട് വീഡിയോ അസിസ്റ്റന്റ് റഫറിയിങ് സിസ്റ്റത്തെ അസഭ്യം പറഞ്ഞതിനായിരുന്നു നെയ്മറിനെതിരെ നടപടി വന്നത്. പാരീസിൽ നടന്ന മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ കിട്ടിയ പെനാൾട്ടി ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനെ അന്ന് വിജയിപ്പിച്ചത്.

ആ പെനാൾട്ടി വാർ മുഖേന ആയിരുന്നു ലഭിച്ചത്. ഇതാണ് നെയ്മറിനെ അന്ന് പ്രകോപിതനാക്കിയത്. അത് ഒരിക്കലും പെനാൾട്ടി അല്ല എന്ന് നെയ്മർ പറഞ്ഞു. സംഭവങ്ങൾ സ്ലോ മോഷനിൽ കാണുന്ന ഫുട്ബോളിനെ കുറിച്ച് ഒരു വിവരവുമില്ലാത്തവർ ആണ് വാറിൽ ഉള്ളത് എന്നും നെയ്മർ പറഞ്ഞു. അതിനു ശേഷം അസഭ്യ വാക്കുകളും നെയ്മർ ഉപയോഗിച്ചിരുന്നു.