അഞ്ചാം സ്ഥാനത്തിനായി ഇന്ത്യ ഹോങ്കോംഗിനെ നേരിടും

ഏഷ്യന്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മെഡല്‍ നേട്ട മത്സരങ്ങള്‍ക്ക് ഇന്ത്യ യോഗ്യത നേടിയില്ലെങ്കിലും ടീം അഞ്ചാം സ്ഥാനം നേടുവാനുള്ള മത്സരത്തിന് യോഗ്യത നേടി. ഇന്ന് നടന്ന മത്സരത്തില്‍ 5-8 വരെ സ്ഥാനങ്ങള്‍ക്കുള്ള പുരുഷ വിഭാഗം മത്സരത്തില്‍ ഇന്ത്യന്‍ ടീം സിംഗപ്പൂരിനെ 3-0ന് കീഴടക്കിയിരുന്നു. ഇതോടെ അഞ്ചാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഇന്ത്യ ഹോങ്കോംഗിനെ നേരിടും.

ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് ഇന്ത്യ എത്തിയെങ്കിലും ജപ്പാനോട് 1-3ന് പരാജയമേറ്റു വാങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരാണ് ജപ്പാന്‍. ഈ മത്സരത്തില്‍ ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍ ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനക്കാരായ ടോമോകാസു ഹാരിമോട്ടോയെ അട്ടിമറിച്ചിരുന്നു.

ഇന്ത്യ ഗ്രൂപ്പ് ബിയില്‍ നിന്ന് ശ്രീലങ്കയെയും കുവൈറ്റിനെയും 3-0 എന്ന സ്കോറിന് പരാജയപ്പടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യ അടുത്ത റൗണ്ടില്‍ സൗദി അറേബ്യയെയും തായ്‍ലാന്‍ഡിനെയും കീഴടക്കിയാണ് ക്വാര്‍ട്ടറിലെത്തിയത്.