കാന്റെക്ക് കൊറോണ വൈറസ് ബാധ, യുവന്റസിനെതിരെ കളിക്കില്ല

ചെൽസി മിഡ്ഫീൽഡർ എൻഗോളോ കാന്റെക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊറോണ പോസിറ്റീവ് ആയ താരം ഐസൊലേഷനിൽ പോയിട്ടുണ്ട്. ഇതോടെ നാളെ നടക്കുന്ന ചെൽസിയുടെ യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരത്തിന് കളിക്കാനാവില്ല. ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ ചെൽസി പരിശീലകൻ തോമസ് ടൂഹൽ ആണ്‌ കാന്റെ കൊറോണ പോസിറ്റീവ് ആണെന്ന് കാര്യം അറിയിച്ചത്.

അടുത്ത ഞായറാഴ്ച നടക്കുന്ന സൗത്താംപ്ടണെതിരായ പ്രീമിയർ ലീഗ് മത്സരവും നേഷൻസ് ലീഗിൽ ബെൽജിയത്തിനെതിരായ ഫ്രാൻസിന്റെ മത്സരവും താരത്തിന് നഷ്ട്ടമാകും. കൂടാതെ പരിക്ക് മൂലം പല താരങ്ങൾക്കും ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് മത്സരം നഷ്ട്ടമാകും. ക്രിസ്ത്യൻ പുലിസിച്ച്, മേസൺ മൗണ്ട്, റീസ് ജെയിംസ് എന്നിവർ പരിക്ക് മൂലം യുവന്റസിനെതിരെയുള്ള മത്സരത്തിന് ഉണ്ടാവില്ല. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് ജെയിംസിന് പരിക്കേറ്റത്.