ബാഴ്സലോണക്കെതിരായ നിർണായകമായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം പ്രതികരണവുമായി ഇന്റർ പരിശീലകൻ ഇൻസാഗി. ആൻസി ഫാറ്റിയുടേത് ഹാൻഡ് ബോൾ തന്നെയാണെന്നും ഗോൾ അനുവദിക്കാതിരുന്നത് ന്യായമാണെന്നും ഇൻസാഗി പറഞ്ഞു. മത്സരത്തിന് ശേഷം ബാഴ്സലോണ പരിശീലകൻ സാവി പറയുന്ന കാര്യങ്ങൾ താൻ കണ്ടിട്ടില്ലെന്നും ഇൻസാഗി കൂട്ടിച്ചേർത്തു. സാവിയൊരു മികച്ച താരവും മികച്ച പരിശീലകനുമാണെന്നും ഇൻസാഗി പറഞ്ഞു.
എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്സ ഇന്ററിനോട് പരാജയപ്പെട്ടത്. അതിന് പിന്നാലെ റഫറിയിംഗിനെതിരെ സാവി രംഗത്ത് വന്നിരുന്നു. “റഫറിമാരുടെ തീരുമാനങ്ങൾ നിർണായകമാണ്. അത് കൊണ്ട് തന്നെ അവർ സ്വയം വിശദീകരണം നൽകുന്നതാണ് നല്ലത്”, റഫറിമാരുടെ തീരുമാനങ്ങളുടെ മാനദണ്ഡം തനിക്ക് മനസിലാകുന്നില്ല, ഫാറ്റിയുടെ മേൽ ഹാൻഡ് ബോൾ വിളിച്ചപ്പോൾ, ഇന്ററിനെതിരെ സമനസഹചര്യത്തിൽ അതുണ്ടായില്ലെന്നും സാവി കൂട്ടിച്ചേർത്തു.
ജയത്തിന്റെ ആത്മവിശ്വാസവുമായി ഇറങ്ങുന്ന ഇന്ററിന് അടുത്ത മത്സരത്തിൽ ഒരു സമനില പിടിച്ചാലും ഗ്രൂപ്പ് കടക്കാം. ബോൾ പൊസഷൻ ബാഴ്സക്ക് ആയിരുന്നെങ്കിലും ഗോളടിക്കുകയും മികച്ച പ്രതിരോധത്തിലൂടെ ബാഴ്സലോണയുടെ അക്രമണനിരയെ പിടിച്ച് കെട്ടാനും ഇന്ററിന് സാധിച്ചിരുന്നു.