ഇന്ററിൽ കണ്ണ് നട്ട്, ബയേണിനെ നേരിടാൻ ഒരുങ്ങി ബാഴ്സലോണ

Nihal Basheer

20221026 005645
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ബാഴ്സലോണക്ക് ചാമ്പ്യൻസ് ലീഗിൽ അതി നിർണായകമായ ദിനം. ക്യാമ്പ്ന്യൂവിൽ ബയേണിനെ നേരിടാൻ ഒരുങ്ങുമ്പോൾ ഈ മത്സരം മാത്രമല്ല സാവിയുടെയും ടീമിന്റെയും ടൂർണമെന്റിലെ ഭാവി നിർണയിക്കുന്നത്. ബയേണുമായുള്ള മത്സരത്തിന് മണിക്കൂറുകൾ മുൻപ് ആരംഭിക്കുന്ന ഇന്ററും വിക്ടോറിയ പ്ലെസണും തമ്മിലുള്ള മത്സരവും ബാഴ്‌സക്ക് അനുകൂലമാവേണ്ടതുണ്ട്. മത്സരം ഇന്റർ വിജയിച്ചാൽ അഭിമാന പോരാട്ടം എന്നതിൽ കവിഞ്ഞ് സ്വന്തം തട്ടകത്തിലെ മത്സരത്തിന് പ്രാധാന്യം ഒന്നും ഉണ്ടാകില്ല. ഇന്ററിനെ സമനിലയിൽ എങ്കിലും തളക്കാൻ എതിരാളികൾക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സ.

20221026 005629

ഇന്ററിന്റെ മത്സര ഫലം എന്തായാലും സ്വന്തം തട്ടകത്തിൽ ബയേണിനെ തോല്പിക്കേണ്ടത് ബാഴ്‌സക്ക് അഭിമാന പ്രശ്നമാണ്. കഴിഞ്ഞ സീസണുകളിൽ തുടർച്ചയായി ജർമൻ ടീമിന് മുന്നിൽ വീണതിൽ നിന്നും തങ്ങൾ തിരിച്ചു കയറി എന്ന് തെളിയിക്കാൻ ആവും സാവിയുടെയും ടീമിന്റെയും ശ്രമം. ജൂൾസ് കുണ്ടെയുടെ മടങ്ങി വരവ് പ്രതിരോധത്തെ മാത്രമല്ല, ടീമിനെ മൊത്തത്തിൽ ഉന്മേഷം നൽകുന്നുണ്ട്. ബിൽബാവോയുമായി പരിക്കേറ്റ് കയറിയിരുന്ന ഗവിയും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഫോമിലുള്ള ഫെറാൻ ടോറസ്, ഡെമ്പലെ എന്നിവർ ലെവെന്റോവ്സ്കിയുടെ കൂടെ ചേരുമ്പോൾ ഇത്തവണ വിജയം ഉറപ്പാക്കാം എന്നാണ് ബാഴ്‌സയുടെ പ്രതീക്ഷ. മധ്യനിരയിൽ ഒരിക്കൽ കൂടി ഡിയോങ് എത്തുമ്പോൾ ബാസ്ക്വറ്റ്‌സിനെ സാവി ടീമിൽ ഉൾപ്പെടുത്തുമോ എന്നുള്ളത് കണ്ടറിയേണ്ടതാണ്. റൈറ്റ് ബാക്ക് സ്ഥാനത്ത് ബെല്ലാരിൻ എത്തിയേക്കും. ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് ഫോമിലുള്ള യുവതാരം ബാൾടെയോ അതോ ആൽബയോ എന്നത് സാവിക്ക് മുന്നിൽ ചോദ്യചിഹ്നമുയർത്തും.

പരിക്കിന്റെ ആശങ്കകളുമായിട്ടാണ് ബയേൺ ക്യാമ്പ്ന്യൂവിലേക്ക് എത്തുക. മാനുവൽ നൂയർ, സാനെ, ലൂക്കാസ് ഹെർണാണ്ടസ് ടീമിൽ ഉൾപ്പെട്ടിട്ടില്ല. ഗ്നാബറിയും മുള്ളറും മാനെയും കോമാനും ചേരുന്ന മുൻനിരക്ക് പക്ഷെ ഏത് പ്രതിരോധവും കീറിമുറിക്കാൻ കഴിയുമെന്നത് തന്നെയാണ് ബയേണിന്റെ ആത്മവിശ്വാസവും. പോസ്റ്റിന് കീഴിൽ ബാഴ്‍സയുമായുള്ള ആദ്യ പാദത്തിൽ വമ്പൻ സേവുകൾ നടത്തിയ നൂയറുടെ കുറവ് മറികടക്കാൻ ഉൾറിച്ചിന് കഴിയുമെന്ന പ്രതീക്ഷയിലാണ് അവർ.