എർലിംഗ് ഹാളണ്ട് സ്വന്തമാക്കിയ രാത്രി ആയിരുന്നു ഇന്ന്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയപ്പോൾ RB ലീപ്‌സിഗിനെതിരെ ഹാളണ്ട് അടിച്ചു കൂട്ടിയത് അഞ്ചു ഗോളുകൾ ആയിരുന്നു. 7-0ന്റെ ഉജ്ജ്വല വിജയം അവർ നേടി. അഗ്രിഗേറ്റ് സ്കോറിൽ 8-1ന്റെ വിജയവവും. ഇന്ന് ആദ്യ പകുതിയിൽ തന്നെ ഹാട്രിക് നേടാൻ എർലിംഗ് ഹാളണ്ടിനായി.
ഇന്ന് നോർവീജിയൻ സ്‌ട്രൈക്കർ മിന്നുന്ന ഫോമിലായിരുന്നു, 22-ാം മിനിറ്റിൽ ക്ലിനിക്കൽ പെനാൽറ്റിയിലൂടെ സ്‌കോറിംഗ് ആരംഭിച്ചു. രണ്ട് മിനിറ്റിനുള്ളിൽ അദ്ദേഹം മറ്റൊരു ഗോളുമായി അതിനെ പിന്തുടർന്നു, ഇത്തവണ കെവിൻ ഡി ബ്രൂയിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഹാളണ്ടിന്റെ സ്ട്രൈക്ക്. ആദ്യ പകുതി അവസാനിക്കും മുമ്പ് ഹാലാൻഡ് തന്റെ ഹാട്രിക്ക് തികച്ചു. ആദ്യ പകുതിയിൽ തന്നെ 3-0!!
രണ്ടാം പകുതിയിൽ ആർബി ലീപ്‌സിഗ് തിരിച്ചുവരവിന് ശ്രമിക്കും മുമ്പ് പെനാൾട്ടി ബോക്‌സിന് അകത്തു നിന്നുള്ള മികച്ച സ്‌ട്രൈക്കിലൂടെ ഇൽകെ ഗുണ്ടോഗൻ 49ആം മിനുട്ടിൽ സിറ്റിക്കായി നാലാം ഗോൾ നേടി. സ്കോർ 4-0. ഇതിനു ശേഷം വീണ്ടും ഹാളണ്ടിന്റെ ഗോളടി യന്ത്രം പ്രവർത്തിച്ചു. രണ്ട് സെറ്റ് പീസുജളിൽ നിന്നായി 54ആം മിനുട്ടിലും 57ആം മിനുട്ടിൽ യുവ സ്ട്രൈക്കർ ഗോൾ നേടി. ഹാളണ്ടിന് 5 ഗോളുകൾ. സിറ്റി 6-0നു മുന്നിൽ.
മാഞ്ചസ്റ്റർ സിറ്റിയുടെ കുപ്പായത്തിലെ തന്റെ അഞ്ചാമത്തെ ഹാട്രിക്ക് ആണ് ഹാളണ്ട് ഇന്ന് നേടിയത്. 63ആം മിനുട്ടിൽ ഹാളണ്ടിനെ പെപ് ഗ്വാർഡിയോള സബ് ചെയ്തു. അല്ലായിരിന്നു എങ്കിലും ചരിത്രം തിരുത്തുമായിരുന്ന ആറാം ഗോളും ആ ബൂട്ടിൽ നിന്ന് പിറന്നേനെ. ഇതിനു ശേഷം കലീയുടെ അവസാന നിമിഷം ഡി ബ്രുയിനെ കളിയിലെ ഏഴാം ഗോൾ നേടി. സിറ്റി ഈ വിജയത്തോടെ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു.