ഡിബാല ഹീറോ ആട ഹീറോ!! അർജന്റീനൻ താരത്തിന്റെ മികവിൽ യുവന്റസ് തിരിച്ചുവരവ്!!

- Advertisement -

എത്ര കാലം ആരൊക്കെ അവഗണിച്ചാലും അവസാനം താൻ ഹീറോ തന്നെ ആയിരിക്കും എന്ന് ഡിബാല വീണ്ടും തെളിയിച്ചു. ഇന്ന് ചാമ്പ്യൻസ് ലീഗിൽ കണ്ടത് ഡിബാലയുടെ അത്തരത്തിലൊരു പ്രകടനമായിരുന്നു. യുവന്റസ് ലൊകൊമോട്ടീവോ മോസ്കോയ്ക്ക് എതിരെ 77 മിനുട്ട് വരെയാണ് ഒരു ഗോളിന് പിറകിൽ നിന്നത്. പിന്നീട് രണ്ട് മിനുട്ടുകൾക്ക് അകം രണ്ട് ഗോളുകൾ നേടി ഡിബാല യുവന്റസിനെ ജയിപ്പിക്കുകയായിരുന്നു.

ഇന്ന് 30ആം മിനുട്ടിൽ മിറാൻചുകിന്റെ ഗോളാണ് യുവന്റസിനെ ആകെ സമ്മർദ്ദത്തിലാക്കിയത്. സ്വന്തം ഹോം ഗ്രൗണ്ടിൽ ഒരു ഗോളിന് പിറകിൽ പോയ യുവന്റസിന് ഒരു വിധത്തിലും കളിയിൽ താളം കണ്ടെത്താൻ ആയിരുന്നില്ല. അപ്പോഴാണ് ഡിബാല ഹീറോ ആയത്. ആദ്യം 77ആം മിനുട്ടിൽ ബോക്സിന് പുറത്ത് നിന്ന് ഒരു കിടിലൻ ഫിനിഷ്. ആ ഗോൾ വലയിൽ ആക്കിയത് ആഹ്ലാദിക്കാതെ അടുത്ത ഗോൾ നേടാൻ വേണ്ടി ഒരുങ്ങുകയായിരുന്നു ഡിബാല.

79ആം മിനുട്ടിൽ ഡിബാലയുടെ അടുത്ത ഗോൾ വന്നു. ഇത്തവണ ബോക്സിൽ ഒരു ഷോട്ട് റീബൗണ്ട് ചെയ്ത് ലക്ഷ്യത്തിൽ എത്തിച്ചായിരുന്നു ഡിബാല യുവന്റസിനെ മുന്നിൽ എത്തിച്ചത്. ഡിബാലയെ ബെഞ്ചിൽ ഇരുത്തും മുമ്പ് ഇനിയെങ്കിലും സാരി ഈ പ്രകടനങ്ങൾ ഓർമ്മിക്കും. അത്രയ്ക്ക് മികച്ച ഒറ്റയാൻ പ്രകടനമായിരുന്നു ഡിബാല ഇന്ന് നടത്തിയത്.

ഈ 2-1ന്റെ വിജയത്തോടെ യുവന്റസ് വീണ്ടും ഗ്രൂപ്പിൽ ഒന്നാമത് എത്തി. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 7 പോയന്റാണ് യുവന്റസിന് ഇപ്പോൾ ഉള്ളത്.

Advertisement