30 മിനുട്ട് ഹാട്രിക്കുമായി എമ്പപ്പെ, പി എസ് ജിക്ക് ഗംഭീര ജയം

- Advertisement -

ചാമ്പ്യൻസ് ലീഗിൽ പി എസ് ജിക്ക് തകർപ്പൻ വിജയം. ഇന്ന് ചാമ്പ്യൻസ് ലീഗിൽ ബെൽജിയം ക്ലബായ ക്ലബ് ബ്രൂജെയെ ആണ് പി എസ് ജി തോൽപ്പിച്ചത്. ബെൽജിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത 5 ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. സബ്ബായി എത്തി ഹാട്രിക്ക് അടിച്ച എമ്പപ്പെയാണ് ഇന്ന് പി എസ് ജിയുടെ താരമായത്. അവസാന മുപ്പതു മിനുട്ടിനിടെ മൂന്ന് ഗോളുകളും ഒരു അസിസ്റ്റുമാണ് എമ്പപ്പെ നേടിയത്.

ഈ സീസണിൽ ലോണിൽ പി എസ് ജിയിൽ എത്തിയ ഇക്കാർഡി ഇരട്ട ഗോളുകളും ഇന്ന് നേടി.ഇന്ന് കളിയുടെ 7ആം മിനുട്ടിൽ ആയിരുന്നു ഇക്കാർഡിയുടെ ആദ്യ ഗോൾ. ഡി മറിയയുടെ പാസിൽ നിന്നായിരുന്നു ഇക്കാർഡി ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ എമ്പപ്പെയുടെ പാസിൽ നിന്നായിരുന്നു ഇക്കാർഡിയുടെ രണ്ടാം ഗോൾ. 61, 79, 90 മിനുട്ടുകളിൽ ആയിരുന്നു എമ്പപ്പെയുടെ ഹാട്രിക്ക്. ഇന്നത്തെ ഗോളോടെ ചാമ്പ്യൻസ് ലീഗിൽ 15 ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി എമ്പപ്പെ മാറി.

ഈ ജയത്തോടെ പി എസ് ജി ഗ്രൂപ്പിൽ ഒമ്പതു പോയന്റുമായി ഒന്നാമത് നിൽക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ പി എസ് ജി റയലിനെയും ഗലറ്റസെറെയെയും തോൽപ്പിച്ചിരുന്നു.

Advertisement