ബാഴ്സലോണ താരം ഫിലിപ്പ് കുട്ടിഞ്ഞോയുടെ ഗോൾ സെലബ്രെഷൻ വിവാദമായതിൽ അതൃപ്തി വ്യക്തമാക്കി ബാഴ്സ പരിശീലകൻ വാൽവേർടെ. താരത്തിന്റെ അതി മനോഹരമായ ഫിനിഷിങ്ങിനെ കുറിച്ച് ചർച്ച ചെയ്യാതെ ആളുകൾ പ്രത്യേകിച്ച് വലിയ അർത്ഥം ഒന്നും ഇല്ലാത്ത ഗോൾ ആഘോഷം ചർച്ച ചെയ്യുകയാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഗോൾ നേടിയ ശേഷം താരം നടത്തിയ ആഘോഷമാണ് വിവാദമായത്. ചെവി അടച്ചു പിടിച്ചുള്ള ആഘോഷം ബാഴ്സ ആരാധകരെ ലക്ഷ്യം വെച്ചുള്ളതാണ് എന്നാണ് ചർച്ചകൾ. ബാഴ്സയിൽ കഴിഞ്ഞ സീസണിലും ഈ സീസണിലും കാര്യമായ ഫോം കണ്ടെത്താനാവാതെ വന്നതോടെ കുട്ടീഞ്ഞോക്ക് എതിരെ ഒരു പറ്റം ആരാധകരുടെ അടക്കം കടുത്ത വിമർശനം ഉയർന്നിരുന്നു. കുട്ടിഞ്ഞോയുടെ ആഘോഷം ആരോടുമുള്ള ബഹുമാന കുറവ് അല്ലെന്നും ഫുട്‌ബോളിൽ ഇപ്പോൾ അനാവശ്യ കാര്യങ്ങൾ ചർച്ച ചെയ്യുന്നതാണ് കൂടുതൽ എന്നുമാണ് ബാഴ്സ പരിശീലകൻ ഇന്ന് നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞത്.