ചാമ്പ്യൻസ് ലീഗിൽ ഇന്ന് ചെൽസി – സെവിയ്യ പോരാട്ടം

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ചെൽസി കഴിഞ്ഞ വർഷത്തെ യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയെ നേരിടും. ഇന്ന് ചെൽസിയുടെ ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കുന്ന പോരാട്ടം ഇരു ടീമുകളും തമ്മിലുള്ള ആദ്യ യൂറോപ്യൻ മത്സരം കൂടിയാവും. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ സൗത്താംപ്ടണോട് 3-3 ന്റെ സമനില വഴങ്ങിയതിന് പിന്നാലെയാണ് ചെൽസി സെവിയ്യയെ നേരിടാൻ ഇറങ്ങുന്നത്.

അതെ സമയം ലാ ലീഗയിൽ ഗ്രനാഡയോട് ഏകപക്ഷീയമായ ഒരു ഗോളിന്റെ ഞെട്ടിക്കുന്ന തോൽവിയേറ്റുവാങ്ങിയതിന് ശേഷമാണ് സെവിയ്യ ചെൽസിയെ നേരിടാൻ ലണ്ടനിൽ എത്തിയത്. ചെൽസിയുടെ സൗത്താംപ്ടണെതിരായ മത്സരത്തിൽ പരിക്ക് മൂലം പുറത്തിരുന്ന ഗോൾ കീപ്പർ മെൻഡി ഇന്നത്തെ മത്സരത്തിന് ഉണ്ടാവാനുള്ള സാധ്യത കുറവാണ്. മെൻഡിയുടെ അസാന്നിദ്ധ്യത്തിൽ മോശം ഫോമിലുള്ള കെപ അരിസബലാഗ തന്നെയാവും ചെൽസി ഗോൾ വല കാക്കുക. അതെ സമയം ഗോൾ കീപ്പർ മെൻഡി പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. കൂടാതെ കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന പ്രതിരോധ താരം തിയാഗോ സിൽവ ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങും.

സെവിയ്യ നിരയിൽ പ്രതിരോധ താരം ജൂൾസ് കൗണ്ടേ ഇന്ന് ഇറങ്ങില്ല. കഴിഞ്ഞ ദിവസം താരം കൊറോണ പോസറ്റീവ് ആയിരുന്നു. തുടർന്നാണ് ടീമിൽ നിന്ന് വിട്ടുനിന്നത്. അവസാന കുറച്ചു മത്സരങ്ങളിൽ ഇംഗ്ലീഷ് ടീമിനെതിരെ മികച്ച റെക്കോർഡുള്ള സെവിയ്യ ചെൽസിക്ക് എത്രത്തോളം വെല്ലുവിളി സൃഷ്ട്ടിക്കുമെന്ന് കാത്തിരുന്ന് കാണാം.