ചാമ്പ്യൻസ് ലീഗിലെ നിർണായക മത്സരത്തിൽ ലില്ലെക്കെതിരെ ജയം സ്വന്തമാക്കി ചെൽസി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ആദ്യ മത്സരത്തിൽ വലൻസിയയോട് സ്വന്തം ഗ്രൗണ്ടിൽ തോറ്റതോടെ തുലാസിലായ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നതാണ് ഈ ജയം. ചെൽസി പരിശീലകൻ ഫ്രാങ്ക് ലാമ്പാർഡിന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ജയം കൂടിയായിരുന്നു ഇത്.
പ്രീമിയർ ലീഗിൽ മികച്ച ഫോമിലുള്ള ടാമി എബ്രഹാമിലൂടെ ചെൽസിയാണ് ആദ്യം ഗോൾ നേടിയത്. ചെൽസി പ്രതിരോധ താരം ടോമോറി നൽകിയ പാസിൽ നിന്നായിരുന്നു ടാമി അബ്രഹാമിന്റെ ഗോൾ. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ചെൽസിയുടെ സെറ്റ് പീസ് പ്രധിരോധിക്കുന്നതിലുള്ള പിഴവ് മുതലെടുത്ത് ലില്ലെ ഗോൾ നേടി. ഓസിംഹെൻ ആണ് ലില്ലെയുടെ ഗോൾ നേടിയത്.
എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഹഡ്സൺ ഒഡോയിയൂടെ പാസിൽ നിന്ന് ഗോൾ നേടി വില്യൻ ചെൽസിക്ക് വിലപ്പെട്ട ജയം നൽകുകയായിരുന്നു.