ചാമ്പ്യൻസ് ലീഗ് ഗോളടിയിൽ നാഴികക്കല്ല് പിന്നിട്ട് ബെൻസേമ

Photo:Twitter/@realmadrid

ചാമ്പ്യൻസ് ലീഗ് ഗോളുകളുടെ കാര്യത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് റയൽ മാഡ്രിഡ് ഫോർവേഡ് കരിം ബെൻസേമ. ഇന്നലെ അയാക്സിനെതിരെ നേടിയ ഗോളോടെ ചാമ്പ്യൻസ് ലീഗിൽ 60 ഗോൾ എന്ന നേട്ടം ബെൻസേമ സ്വന്തമാക്കി. വിനീഷ്യസ് ജൂനിയറിന്റെ പാസിൽ നിന്നായിരുന്നു ബെൻസേമയുടെ ഗോൾ. കഴിഞ്ഞ സീസണിൽ ഫോമിൽ എത്താതെ പോയ ബെൻസേമ ഈ സീസണിൽ മികച്ച ഫോമിലാണ്. 2019ൽ മാത്രം 8 ഗോളുകൾ ബെൻസേമ നേടിയിട്ടുണ്ട്.

ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ബെൻസേമ. 158 മത്സരങ്ങളിൽ നിന്ന് 121 ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഗോളടിച്ചവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 129 മത്സരങ്ങളിൽ 106 ഗോളടിച്ച മെസ്സി രണ്ടാം സ്ഥാനത്തും 142 മത്സരങ്ങളിൽ 71 ഗോൾ നേടിയ റൗൾ മൂന്നാം സ്ഥാനത്തുമാണ്.