ഗ്ലാമർ പോരാട്ടത്തിന് സിറ്റിയും ബയേണും, തിരിച്ചടികൾ മറന്ന് ബെൻഫിക്കക്കെതിരെ ഇന്റർ

Nihal Basheer

Telemmglpict000256221759 Trans Nvbqzqnjv4bqoffphfbzqcjcg6tilsb1afvy9hae1rfmm4ebd8whvi4
Download the Fanport app now!
Appstore Badge
Google Play Badge 1

കിരീട സ്വപ്നങ്ങളുമായി എത്തുന്ന വമ്പന്മാരുടെ പോരാട്ടത്തോടെ ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനലിന് തുടക്കമാവുന്നു. മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകത്തിൽ ബയേൺ വിരുന്നെത്തുമ്പോൾ യൂറോപ്പിലെ സമീപകാലത്തെ ഏറ്റവും മികച്ച പരിശീലകരുടെയും പോരാട്ടമായി ഇത് മാറുന്നുണ്ട്. മറ്റൊരു മത്സരത്തിൽ ബെൻഫിക സ്വന്തം തട്ടകത്തിൽ ഇന്റർ മിലാനെയും നേരിടും. ബുധനാഴ്‌ച്ച പുലർച്ചെ 12.30നാണ് മത്സരങ്ങൾക്ക് വിസിൽ മുഴങ്ങുക.

Gettyimages 1479944141

സീസണിലെ യൂറോപ്പിലെ ഏറ്റവും വലിയ പോരാട്ടത്തിനാണ് ഇത്തിഹാദ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. കിരീടം മാത്രം ലക്ഷ്യം വെച്ച് എത്തുന്ന സിറ്റിക്കും ബയേണിനും ജയത്തിൽ കുറഞ്ഞതൊന്നും തൃപ്തി നൽകില്ല. നാഗൽസ്മാന് പകരം ടൂഷൽ കൂടി എത്തിയതിന്റെ ഊർജം ബയേണിന് ഉണ്ടാവും എന്നുറപ്പാണ്. ഇത്തവണ ചാമ്പ്യൻസ് ലീഗിൽ നാഗൽസ്മാന് കീഴിൽ പിഎസ്ജിയെ അടക്കം എല്ലാ ടീമിനെയും കീഴടക്കിയ ബയേൺ, സിറ്റിക്കെതിരെയും മികച്ച പ്രകടനം കാഴ്ച്ചവെക്കേണ്ടത് ടൂഷലിന്റെ കൂടി ആവശ്യമാണ്. ബുദ്ധിരാക്ഷസന്മാരുടെ തന്ത്രങ്ങൾ പോലെ കളത്തിലും സൂപ്പർ താരങ്ങളുടെ പോരാട്ടമാണ് കാണാൻ കഴിയുക. ബുണ്ടസ്ലീഗയിലെ ഗോളടി മികവ് പ്രീമിയർ ലീഗിലും അനായാസം തുടരുന്ന ഹാലണ്ട് തന്നെയാണ് സിറ്റിയുടെ പ്രധാന പ്രതീക്ഷ. നോർവേ താരത്തിന് തടയിടാൻ ഉപമേങ്കാനോയേയും ഡി ലൈറ്റിനും കഴിഞ്ഞാൽ ബയേണിന് കാര്യങ്ങൾ എളുപ്പമാകും. ഗ്രീലിഷ്, മേഹ്റസ്, ആൽവാരസ് തുടങ്ങി മുൻ നിര ഒന്നാകെ ഫോമിൽ ഉള്ളതാണ് സിറ്റിക്ക് മത്സരത്തിൽ ചെറിയ മുൻ തൂക്കം നൽകുന്നത്. അതേ സമയം ബെഞ്ചിൽ നിന്നും എത്തി മത്സരം മാറ്റി മറിക്കാൻ കെൽപ്പുള്ള പകരക്കാരയ താരങ്ങൾ ബയേണിനും കരുത്തു പകരും. മുള്ളറും, മുസ്യാലയും സാനെയും കോമാനും എല്ലാം ചേരുമ്പോൾ മത്സരം ഗോൾ മഴ ആയി മാറിയാലും അത്ഭുതപ്പെടാൻ ഇല്ല. കപ്പ് മത്സരത്തിൽ ഫ്രീബർഗിനോട് തോൽവി ഏറ്റ് പുറത്തായതിന് പിറകെ അവരെ ലീഗിൽ കീഴടക്കിയ ശേഷമാണ് ബയേൺ എത്തുന്നത്. എങ്കിലും തങ്ങളുടെ ചിരകാല സ്വപ്നമായ ചാമ്പ്യൻസ് ലീഗിന് വേണ്ടി സിറ്റി എത്തുമ്പോൾ സമീപകാലത്ത് യൂറോപ്പിലെ വമ്പന്മാരുടെ പേടി സ്വപ്നമായ ബയേണിനെ പെപ്പ് ഒരിക്കലും വില കുറച്ചു കാണില്ലെന്നുറപ്പാണ്. തന്റെ മുൻ ക്ലബ്ബിനെതിരെ അദ്ദേഹം പുറത്തെടുക്കുന്ന തന്ത്രങ്ങളും കണ്ടറിയേണ്ടതാണ്. ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് ഉയർത്തിയ ടൂഷലിന് കൂടുതൽ മികച്ച സംഘവുമായി ഈ നേട്ടം ഒരിക്കൽ കൂടി ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആണ് ബയേൺ.

സീരീ എയിൽ വിജയമില്ലാതെ ആഴ്ചകൾ പിന്നിട്ട ശേഷമാണ് ഇന്റർ യൂറോപ്യൻ പോരാട്ടത്തിന് എത്തുന്നത്. അത് കൊണ്ട് തന്നെ ഫോം വീണ്ടെടുക്കേണ്ടത് ഇൻസാഗിക്കും സംഘത്തിനും അനിവാര്യമാണ്. മുൻ നിരയുടെ പ്രകടനമാണ് ടീമിന് ആശങ്ക സമ്മാനിക്കുന്നത്. തുടർച്ചയായ മത്സരങ്ങളിൽ എതിർ വല കുലുക്കാൻ ആവാതെ ലുക്കാകുവും മർട്ടിനസും എല്ലാം അടങ്ങുന്ന മുന്നേറ്റം ഉഴറുന്ന കാഴ്ച്ചയാണ് കാണുന്നത്. എങ്കിലും പ്രീ ക്വർട്ടറിൽ മറ്റൊരു പോർച്ചുഗീസ് ടീമായ പോർട്ടോയെ കീഴടക്കിയത് ഇന്ററിന് ആവേശം പകരും. പോർട്ടോയോട് തോൽവി അറിഞ്ഞ ശേഷമാണ് ബെൻഫിക ഇന്ററിനെ സ്വന്തം തട്ടകത്തിൽ നേരിടുന്നത്. ആഭ്യന്തര ലീഗിൽ ഏഴു പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്താണ് ബെൻഫിക. ഗോൺസാലോ റാമോസും റഫാ സിൽവയും അടങ്ങിയ മുന്നേറ്റവും ഒട്ടാമെന്റി നയിക്കുന്ന പ്രതിരോധവും ഇന്ററിന് ഭീഷണി ആവാൻ പോന്നത് തന്നെയാണ്. എതിർ തട്ടകത്തിൽ തോൽവി നേരിടാതെ ഇരിക്കാൻ തന്നെയാവും ഇന്ററിന്റെയും നീക്കം.