ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്ക് എതിരാളികൾ ഇന്റർ; ഇൻസാഗിക്ക് നിർണായകം

യുസിഎൽ മരണ ഗ്രൂപ്പിൽ കരുത്തരുടെ ഏറ്റു മുട്ടൽ. സാൻ സിറോയിലെ സ്വന്തം തട്ടകത്തിൽ ഇന്റർ മിലാൻ ബാഴ്സലോണയെ വരവേൽക്കും. പരിക്കും ഫോമില്ലയിമയിലും വലയുന്ന ഇന്ററിന് മത്സരത്തിൽ സമനില എങ്കിലും നേടാൻ കഴിഞ്ഞില്ലെങ്കിൽ കോച്ച് ഇൻസാഗിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞേക്കും. ബാഴ്‌സക്ക് ആവട്ടെ ബയേണിനെതിരായ തോൽവിയോടെ മറ്റ് മത്സരങ്ങളിൽ എല്ലാം വിജയം ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്. സ്വന്തം തട്ടകത്തിൽ ഇന്റർ കരുത്തുപുറത്തെടുക്കും എന്നുള്ളത് കൊണ്ട് മുഴുവൻ സന്നാഹങ്ങളോടും കൂടി ആവും സാവി ടീമിനെ അണിനിരത്തുക.

20221004 013618

മയ്യോർക്കക്കെതിരായ ലീഗ് മത്സരത്തിൽ പ്രധാന താരങ്ങൾക്ക് എല്ലാം വിശ്രമം അനുവദിക്കാൻ സാവിക്ക് ആയിരുന്നു. റാഫിഞ്ഞ, പെഡ്രി, എറിക് ഗർഷ്യ എന്നിവർ ബെഞ്ചിൽ നിന്നാണ് മത്സരം ആരംഭിച്ചത്. ഇവർ എല്ലാം ഇന്ററിനെതിരെ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തും. പിൻനിരയിൽ കുണ്ടേ, അരാഹുവോ എന്നിവർ പരിക്കിന്റെ പിടിയിലാണ്. മയ്യോർക്കകെതിരെ ടീമിൽ ഇടം കിട്ടിയ പിക്വേ വീണ്ടും ബെഞ്ചിലേക്ക് മടങ്ങും. മർക്കോസ് അലോൻസോയും സെർജി റോബർട്ടോയും മടങ്ങി എത്തുമ്പോൾ ബാൾടേക്കും ആൽബക്കും സ്ഥാനം നഷ്ടപ്പെടും. ബാൾടെയെ ഒരിക്കൽ കൂടി റൈറ്റ് ബാക്ക് സ്ഥാനത്ത് പരീക്ഷിക്കാൻ സാവി തയ്യാറായേക്കില്ല. പരിക്കിന്റെ ആശങ്കയിലുള്ള ഫ്രാങ്കി ടീമിനോടൊപ്പം ഇല്ല.

ഇന്ററിൽ ആണെങ്കിൽ ഒരു പിടി താരങ്ങൾ ടീമിന് പുറത്താണ്. ലുക്കാകുവിന്റെ അഭാവം ടീമും കോച്ചും ഒരു മത്സരത്തിലും അനുഭവിക്കുന്നുണ്ട്. ഇതിന് പുറമേയാണ് റോമക്കെതിരായ മത്സരത്തിൽ ലൗട്ടാരോ മാർട്ടിനസിന് പരിക്കേറ്റത്. താരം ബാഴ്‌സക്കെതിരെ ഉണ്ടാകുമോ എന്നുറപ്പില്ല. മഖ്താരിയൻ, ചൽഹനോഗ്ലൂ, ബ്രോൻസോവിച്ച് തുടങ്ങിയവർ എല്ലാം പരിക്കിന്റെ പിടിയിൽ തന്നെ. പോസ്റ്റിന് കീഴിൽ ഒനാനയുടെ പ്രകടനം ആവും ഇന്റർ ഉറ്റു നോക്കുന്നത്. തോൽവി തന്റെ സ്‌ഥാനം തന്നെ തെറുപ്പിച്ചേക്കും എന്നുള്ളതിനാൽ അതീവ സൂഷമതയോടെ ടീമിനെ സജ്ജമാക്കാൻ ആവും ഇൻസാഗിയുടെ ശ്രമം.