ഫ്ലൈറ്റ് മിസ്സായി!!!! ഷിമ്രൺ ഹെറ്റ്മ്യറിനെ ലോകകപ്പ് സ്ക്വാ‍ഡിൽ നിന്ന് ഒഴിവാക്കി

വെസ്റ്റിന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഷിമ്രൺ ഹെറ്റ്മ്യറെ ലോകകപ്പ് സ്ക്വാഡിൽ നിന്ന് പുറത്താക്കി ബോര്‍ഡ്. പകരം ടീമിലേക്ക് ഷമാര്‍ ബ്രൂക്ക്സിനെ ചേര്‍ത്തിട്ടുണ്ട്. ടീമിനൊപ്പം യാത്ര ചെയ്യാതിരുന്നതാണ് ഹെറ്റ്മ്യറിനെ ഒഴിവാക്കുവാനുള്ള കാരണം.

ഒക്ടോബര്‍ 1ന് ഓസ്ട്രേലിയയിലേക്ക് ടീം യാത്രയാകേണ്ട സാഹചര്യത്തിൽ താരം ബോര്‍ഡിനോട് അതിന് കുടുംബപരമായ കാരണങ്ങളാൽ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് താരത്തിനോട് തിങ്കളാഴ്ച ഫ്ലൈറ്റിൽ കയറി എത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് താരം ആ ഫ്ലൈറ്റിലും എത്താനാകില്ലെന്ന് ബോര്‍ഡിനെ അറിയിച്ചതോടെ താരത്തെ ഒഴിവാക്കകയല്ലാതെ വേറെ മാര്‍ഗം ഇല്ലായിരുന്നുവന്ന് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ജിമ്മി ആഡംസ് വ്യക്തമാക്കി.

ഓസ്ട്രേലിയയുമായുള്ള വെസ്റ്റിന്‍ഡീസിന്റെ രണ്ട് മത്സരങ്ങള്‍ ഒക്ടോബര്‍ 5, 7 തീയ്യതികളിലാണ് നടക്കാനിരിക്കുന്നത്. അതിന് ശേഷം ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ സ്ക്ടോ‍ലാന്‍ഡ്, സിംബാബ്‍വേ, അയര്‍ലണ്ട് എന്നിവരാണ് വെസ്റ്റിന്‍ഡീസിന്റെ എതിരാളികള്‍.