ഇത്തവണ ഫെർമിന്റെ ഊഴം; ചാമ്പ്യൻസ് ലീഗിൽ വിജയ കുതിപ്പ് തുടർന്ന് ബാഴ്‌സലോണ

Nihal Basheer

20231026 001612
Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ തുടർ ജയങ്ങളുമായി ബാഴ്‌സലോണ മുന്നോട്ട്. ഗ്രൂപ് എച്ചിൽ നടന്ന മത്സരത്തിൽ ശക്തർ ഡോനെസ്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബാഴ്‌സലോണ കീഴടക്കിയത്. ഫെർമിൻ ലോപ്പസും ഫെറാൻ ടോറസും ജേതാക്കൾക്കായി ലക്ഷ്യം കണ്ടു. സുദാകൊവ് ശക്തറിന്റെ ആശ്വാസ ഗോൾ നേടി. മൂന്നിൽ മൂന്ന് ജയവുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ബാഴ്‌സലോണ. സമീപകാല മത്സരങ്ങളിൽ യുവതാരങ്ങളുടെ പ്രകടനത്തിന്റെ പിൻബലത്തിൽ ജയിക്കുന്ന ബാഴ്‌സ ഇന്നും അതാവർത്തിച്ചു.
20231026 001559
നിരവധി താരങ്ങൾ പരിക്കും സസ്‌പെൻഷനുമായി പുറത്തായതിനാൽ മുൻ നിരയിൽ ഫെറാനും ഫെലിക്സിനും ഒപ്പം ലമീനേയും മധ്യനിരയിൽ ഫെർമിൻ ലോപസിനെയും അണിനിരത്തിയാണ് ബാഴ്‌സ ഇറങ്ങിയത്. ആദ്യ പകുതിയിൽ നേടിയ ഗോളുകളിൽ ഫെർമിന്റെ നീക്കങ്ങൾ നിർണായമാവുകയും ചെയ്തു. ഒരു ഗോൾ നേടിയ താരം മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ബോക്സിനുള്ളിൽ എതിർ താരങ്ങളെ മറികടന്ന് ഫെർമിൻ തൊടുത്ത ഷോട്ട് കീപ്പർ തടഞ്ഞു. ഫെലിക്സിന്റെ ത്രൂ ബോൾ ഫെറാൻ ടോറസിന് നിയന്ത്രിക്കാൻ സാധിക്കാതെ പോയി. കാൻസലോയുടെ ഷോട്ടും കീപ്പർ തടഞ്ഞു. 28ആം മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. ഗുണ്ടോഗൻ ഉയർത്തി നൽകിയ പന്ത് നിയന്ത്രിച്ച് ഫെർമിൻ തൊടുത്ത ഷോട്ട് പൊസിറ്റിലിടിച്ചു മടങ്ങി എങ്കിലും അവസരം മുതലെടുത്ത ഫെറാൻ ടോറസ് വല കുലുക്കി. ഓഫ്‌സൈഡ് കൊടി ഉയർന്നിരുന്നതിനാൽ വാർ ചെക്കിലൂടെയാണ് ഗോൾ അനുവദിച്ചത്. പിന്നീട് 36ആം മിനിറ്റിൽ ഫെർമിൻ തന്നെ ഗോൾ കണ്ടെത്തി. ഫെറാൻ ടോറസ് നൽകിയ പാസ് കൃത്യമായി ഓടിയെടുത്തു ബോക്സിന് തൊട്ടു പുറത്തു നിന്നും താരം തൊടുത്ത ഷോട്ട് പോസ്റ്റിലിച്ചു വലയിലേക്ക് തന്നെ പതിച്ചു. 36ആം മിനിറ്റിൽ ആയിരുന്നു രണ്ടാം ഗോൾ പിറന്നത്.

രണ്ടാം പകുതിയും ബാഴ്‌സ മികച്ച രീതിയിൽ ആരംഭിച്ചു. എന്നാൽ ലഭിച്ച അവസരങ്ങൾ മുതലെടുക്കാൻ ആയില്ല. ഫെറാൻ ടോറസ് വല കുലുക്കിയത് ഓഫ്സൈഡ് വിധിച്ചു. ഫെർമിന്റെ ഷോട്ട് പോസിറ്റിലിടിച്ചു മടങ്ങി. 62ആം മിനിറ്റിൽ മത്സരഗതിക്ക് എതിരായി സുദാകൊവ് ശക്തറിന് വേണ്ടി ലക്ഷ്യം കണ്ടു. ബാഴ്‌സക്ക് ലഭിച്ച അവസരം പാഴായപ്പോൾ ആരംഭിച്ച കൗണ്ടർ നീക്കത്തിൽ നിന്നും അസരോവിയുടെ പാസ് സ്വീകരിച്ചാണ് താരം ലക്ഷ്യം കണ്ടത്. ഇതോടെ ശക്തർ കൂടുതൽ ഊർജത്തോടെ മത്സരത്തിലേക്ക് തിരിച്ചു വന്നു. പലപ്പോഴും ബാഴ്‌സ ബോക്സിലേക്ക് എത്തിയ നീക്കങ്ങൾ പക്ഷെ അവർക്ക് ഫലവത്താക്കാൻ മാത്രം സാധിച്ചില്ല. സ്റ്റേപാനെങ്കോക്ക് ലഭിച്ച മികച്ചൊരു അവസരം ലക്ഷ്യം തെറ്റി അകന്നു. ഗുണ്ടോഗന്റെ തകർപ്പൻ ക്രോസിൽ നിന്നും യമാലിന്റെ ശ്രമം പിഴച്ചു. ഇതോടെ ബാഴ്‌സലോണ മത്സരം സ്വന്തമാക്കി.