ബാഴ്സലോണയെ ബാക്കി വെക്കാതെ ബയേൺ!! മെസ്സിയെയും സംഘത്തെയും എട്ടുനിലയിൽ പൊട്ടിച്ച് സെമിയിൽ

ബാഴ്സലോണക്ക് തലതാഴ്ത്തി മടങ്ങാം. ലിസ്ബണിൽ ഇന്ന് കണ്ടത് അത്ര ദയനീയ പ്രകടനമായിരുന്നു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനെ നേരിട്ട ബാഴ്സലോണ നേരിട്ടത് ചരിത്രത്തിൽ ഇല്ലാത്ത വലിയ പരാജയവും അപമാനവും കൂടെ ആയിരുന്നു. ലിസ്ബണിൽ ബയേൺ രണ്ടിനെതിരെ എട്ടു ഗോളുകൾക്കാണ് ഇന്ന് ബാഴ്സലോണയെ തോൽപ്പിച്ചത്. സാക്ഷാൽ മെസ്സിക്ക് പോലും നാണിച്ച് മടങ്ങേണ്ട അവസ്ഥ.

ഇന്ന് അറ്റാക്കിംഗ് ഫുട്ബോൾ മാത്രമാണ് പോർച്ചുഗലിൽ കാണാൻ ആയത്. മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ ബാഴ്സലോണയുടെ വല കുലുങ്ങി. മുള്ളറായിരുന്നു ബാഴ്സലോണ വധം തുടങ്ങി വെച്ചത്. ലെവൻഡോസ്കിയുടെ പാസി സ്വീകരിച്ച് ഒരു ഇടം കാലൻ ഷൂട്ടിലൂടെ ആയിരുന്നു മുള്ളർ ഗോൾ കണ്ടെത്തിയത്. ആദ്യം പകച്ചു പോയി എങ്കിലും 7ആം മിനുട്ടിൽ ബാഴ്സലോണക്ക് ഒരു സമനില ഗോൾ കിട്ടി. അലാബയുടെ വക ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു ബാഴ്സലോണയുടെ സമനില ഗോൾ. പക്ഷെ അത് കൊണ്ട് ഒന്നും ബാഴ്സലോണ രക്ഷപ്പെട്ടില്ല.

പിന്നെ മത്സരത്തിൽ കണ്ടത് ബയേൻ അറ്റാക്കിന്റെ വിളയാട്ടായിരുന്നു. 21ആം മിനുട്ടിൽ ഗ്നാബ്ബറിയുടെ പാസ് സ്വീകരിച്ച് ഇടതു വിങ്ങിൽ നിന്ന് പെരിസിചിന്റെ ഇടം കാലൻ ഷോട്ട്. ടെർസ്റ്റെഗൻ വീണ്ടും കാഴ്ചക്കാരനായി. ബയേൺ 2-1ന് മുന്നിൽ. ആറ് മിനുട്ട് കഴിഞ്ഞപ്പോൾ ഗ്നാബറിയുടെ വക ഗോൾ. 3-1. പിന്നാലെ 31ആം മിനുട്ടിൽ മുള്ളറിന്റെ രണ്ടാം ഗോൾ. ബയേൺ 4-1ന് മുന്നിൽ. അപ്പോൾ തന്നെ ബാഴ്സലോണ പരാജയം ഉറപ്പിച്ചു.

ആദ്യ പകുതി 4-1 എന്ന നിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ ഗ്രീസ്മനെ കൊണ്ടു വന്ന് ബാഴ്സലോണ അറ്റാക്കിംഗ് ശക്തമാക്കാൻ ശ്രമിച്ചു. 57ആം മിനുട്ടിൽ സുവാരസിലൂടെ ബാഴ്സ തങ്ങളുടെ രണ്ടാം ഗോൾ നേടി. മനോഹരമായ ഒരു ടച്ചിലൂടെ ബയേൺ ഡിഫൻസിനെ വെട്ടിച്ചായിരുന്നു സുവാരസ് ഫിനിഷ് ചെയ്തത്. ആ ഗോൾ ബാഴ്സക്ക് ചെറിയ പ്രതീക്ഷ നൽകി. സ്കോർ 4-2.

പക്ഷെ ബയേൺ ഒട്ടും പതറിയില്ല. ബയേൺ നേടിയ അഞ്ചാം ഗോൾ കിമ്മിച്ച് ആണ് നേടിയത് എങ്കിലും ആ ഗോളിന്റെ എല്ലാ ക്രെഡിറ്റും യുവ ഫുൾബാക്ക് അൽഫോൺസ് ഡേവിസിനായിരുന്നു. ഇടതു വിങ്ങിൽ സെമെഡോയെ കാഴ്ചക്കാരനാക്കി ഡേവിസ് നടത്തി ഡ്രിബിളിംഗ് അത്ര മനോഹരമായിരുന്നു. ഡേവിസ് നൽകിയ പാസിന് വലയിലേക്ക് വഴി കാണിച്ചു കൊടുക്കേണ്ട പണിയേ കിമ്മിചിനുണ്ടായിരുന്നുള്ളൂ.

ആറാം ഗോൾ ഒരുക്കിയത് ബാഴ്സയിൽ നിന്ന് ലോണടിസ്ഥാനത്തിൽ ബയേണിൽ കളിക്കുന്ന കൗട്ടീനോ ആയിരുന്നു. കൗട്ടീനോയുടെ ക്രോസിൽ നിന്ന് ലെവൻഡോസ്കിയാണ് ഹെഡ് ചെയ്ത് ഗോൾ നേടിയത്. ലെവൻഡൊസ്കിയുടെ ഈ സീസണിലെ 14ആം ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്. പിന്നാലെ ഏഴാം ഗോളും എട്ടാം ഗോളും വന്നു. രണ്ട് ഗോളും കൗട്ടീനോ ആണ് നേടിയത്. ബാഴ്സലോണയുടെ മുറിവിൽ കൂടുതൽ വേദനയായി കൗട്ടീനോയുടെ ഗോളുകൾ.

ഇതിൽ കൂടുതൽ ഗോളടിക്കാനുള്ള അവസരങ്ങൾ ഒരുപാട് ബയേണ് ഉണ്ടായെങ്കിലും ടെർസ്റ്റേഗനും ബയേണിന്റെ മോശം ഫിനിഷിങ്ങും ബാഴ്സയെ രക്ഷിച്ചു. ഇന്ന് ബാഴ്സ നിരയിൽ യഥാർത്ഥ മെസ്സിയുടെ നിഴൽ പോലും കാണാൻ ആകാത്തതും പ്രശ്നമായി. ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും മോശം ചാമ്പ്യൻസ് ലീഗ് പരാജയമാണിത്. സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയും ലിയോണും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും ബയേൺ നേരിടുക.

Previous articleബാഴ്സലോണ സെന്റർ ബാക്ക് ഉംറ്റിറ്റിക്ക് കോവിഡ്
Next articleകലിപ്പ് തീർത്ത് കൗട്ടീനോ, വടി കൊടുത്ത് അടി വാങ്ങി ബാഴ്സലോണ