റയൽ മാഡ്രിഡിന് ശേഷം ചാമ്പ്യൻസ് ലീഗിൽ 500 ഗോളുകൾ തികച്ച രണ്ടാമത്തെ ടീമായി ബാഴ്‌സലോണ. ഇന്നലെ ലിവർപൂളിനെതിരെയുള്ള മത്സരത്തിൽ ലൂയിസ് സുവാരസ് ആദ്യ ഗോൾ നേടിയതോടെയാണ് ബാഴ്‌സലോണ 500 ഗോൾ എന്ന നേട്ടം മറികടന്നത്. ചാമ്പ്യൻസ് ലീഗിന്റെ ഈ സീസണിൽ സുവാരസിന്റെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. മത്സരത്തിൽ രണ്ടു ഗോൾ കൂടി നേടി ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗിലെ മൊത്തം ഗോൾ നേട്ടം 502ആക്കിയിരുന്നു.
ബാഴ്‌സലോണ നേടിയ 502 ഗോളുകളിൽ 112 എണ്ണവും നേടിയത് മെസ്സിയാണെന്നത് മറ്റൊരു കൗതുകമാണ്. 551 തവണ ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടിയ റയൽ മാഡ്രിഡാണ് പട്ടികയിൽ മുൻപിലുള്ളത്. ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയതും റയൽ മാഡ്രിഡ് തന്നെയാണ്. തുടർച്ചയായ മൂന്ന് തവണ നേടിയതടക്കം 7 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളാണ് റയൽ മാഡ്രിഡ് നേടിയത്. 457 ഗോളുകൾ നേടിയ ബയേൺ മ്യൂണിക്കാണ് മൂന്നാം സ്ഥാനത്ത്.