ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ, പകുതി ടീമുകളും ഇംഗ്ലണ്ടിൽ നിന്ന്

ഇന്നത്തെ മത്സരങ്ങൾ കൂടെ അവസാനിച്ചതോടെ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ലൈനപ്പ് ആയി. എട്ടു ടീമുകളാണ് കിരീട പോരിനായി ഇനി ബാക്കിയുള്ളത്. ടോട്ടൻഹാം, അയാക്സ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, പോർട്ടോ, യുവന്റസ്, ബാഴ്സലോണ, ലിവർപൂൾ എന്നിവരാൺ ക്വാർട്ടറിൽ എത്തിയത്.

ലിവർപൂൾ കൂടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കടന്നതോടെ ഇംഗ്ലണ്ടിൽ നിന്ന് ക്വാർട്ടറിൽ നാലു ടീമുകളായി. ഇതിനു മുമ്പ് 2007-08, 2008-09 സീസണുകളിൽ ആണ് അവസാനമായി നാല് ഇംഗ്ലീഷ് ടീമുകൾ ക്വാർട്ടർ ഫൈനൽ കളിച്ചത്. ആ രണ്ടു സീസണുകളിലും മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ചെൽസി, ലിവർപൂൾ എന്നീ ടീമുകൾ ആയിരുന്നു ക്വാർട്ടറിൽ ഉണ്ടായിരുന്നു. ഈ രണ്ട് സീസണിലും സെമി ഫൈനലിലെ നാലു ടീമുകളിൽ മൂന്നും ഇംഗ്ലീഷ് ടീമുകൾ ആയിരുന്നു. അതിൽ 2007-08 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ഫൈനലിൽ ഏറ്റുമുട്ടുകയും യുണൈറ്റഡ് കിരീടം നേടുകയും ചെയ്തിരുന്നു.

ഇത്തവണ ഇംഗ്ലണ്ടിൽ നിന്നുള്ള എല്ലാ ടീമുകളും ഒരു പോലെ ശക്തരാണെന്ന് ഇരിക്കെ ചാമ്പ്യൻസ് ലീഗ് കിരീടം ഇവരിൽ ആരെങ്കിലും ഒരാൾ കൊണ്ടു പോയാലും അത്ഭുതപ്പെടേണ്ടി വരില്ല.