കവാനിക്ക് റെക്കോർഡ്, ലീഗ് കപ്പിൽ പി.എസ്.ജിക്ക് ജയം

Staff Reporter

ഫ്രഞ്ച് ലീഗ് കപ്പിൽ പി.എസ്.ജിക്ക് ജയം. രണ്ടാം ഡിവിഷൻ ക്ലബായ ഓർലീൻസിനെയാണ് പി.എസ്.ജി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചത്. ജയത്തോടെ ലീഗ് കപ്പിന്റെ അവസാന 16ൽ എത്താനും പി.എസ്.ജിക്കായി. പി.എസ്.ജിക്ക് വേണ്ടി എഡിസൺ കവാനിയാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ജോസഫ് ലോപിയിലൂടെ ഓർലീൻസ് സമനില പിടിച്ചെങ്കിലും മത്സരം അവസാനിക്കാൻ 10 മിനിറ്റ് ബാക്കി നിൽക്കെ മൂസ്സ ഡിയാബിയുടെ ഗോളിൽ പി.എസ്.ജി മത്സരത്തിൽ ജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ ഗോൾ നേടിയതോടെ ഫ്രഞ്ച് ലീഗ് കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡിനൊപ്പമെത്താനും കവാനിക്കായി. ലീഗ് കപ്പിൽ കവാനിയുടെ 15മത്തെ ഗോളായിരുന്നു ഇത്. മുൻ പി.എസ്.ജി താരം പൗലേറ്റയുടെ റെക്കോർഡിനൊപ്പമാണ് കവാനി എത്തിയത്.

കഴിഞ്ഞ അഞ്ച് സീസണിലും ലീഗ് കിരീടം ഉയർത്തിയ പി.എസ്.ജിക്ക് തന്നെയാണ് ഇത്തവണയും സാധ്യത.  അവസാനമായി പി.എസ്.ജി ഡൊമസ്റ്റിക് കപ്പ് മത്സരത്തിൽ പരാജയപ്പെട്ടത് 2014 ജനുവരിയിൽ ആയിരുന്നു.