ടോട്ടനം ഹോട്‌സ്‌പറിനെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചു നിലവിലെ ജേതാക്കൾ ആയ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ടോട്ടനം ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ടോട്ടനത്തെ ഗോളുകൾ നേടുന്നതിൽ നിന്നു ന്യൂകാസ്റ്റിൽ പ്രതിരോധം തടഞ്ഞു. ഇരു പകുതികളിൽ ആയി നേടിയ ഗോളുകൾ ആണ് ന്യൂകാസ്റ്റിലിന് ജയം നൽകിയത്.

ആദ്യ പകുതിയിൽ 24 മത്തെ മിനിറ്റിൽ സാന്ദ്രോ ടൊണാലിയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഫാബിയൻ ഷാർ ആണ് ന്യൂകാസ്റ്റിലിന് മത്സരത്തിൽ മുൻതൂക്കം നൽകിയത്. രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റിനുള്ളിൽ ഗോൾ നേടിയ നിക്ക് വോൽട്ടമൈഡ് അവരുടെ ജയം പൂർത്തിയാക്കുകയും ചെയ്തു. ജോ വില്ലോക്കിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെയാണ് ജർമ്മൻ മുന്നേറ്റ നിര താരവും ഗോൾ നേടിയത്.














