മാറ്റാ മാജിക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്!!

20201001 020132
- Advertisement -

ലീഗ് കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ വിജയം. ഇന്ന് നടന്ന എവേ മത്സരത്തിൽ ബ്രൈറ്റണെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. ടീമിലെ പ്രമുഖരെ ഒക്കെ ആദ്യ ഇലവനിൽ നിന്ന് പുറത്ത് നിർത്തി ആയിരുന്നു ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. സീനിയർ താരം യുവാൻ മാറ്റയുടെ മികവാണ് ഇന്ന് യുണൈറ്റഡിന് മികച്ച വിജയം നൽകിയത്. ഒരു ഗോളും ഒരു അസിസ്റ്റും സംഭാവന ചെയ്യാൻ മാറ്റയ്ക്ക് ഇന്ന് ആയി.

ആദ്യ പകുതിയുടെ അവസാനത്തിൽ ഒരു മാറ്റ ഫ്രീകിക്കിൽ നിന്നായിരുന്നു ആദ്യ ഗോൾ. മാറ്റയുടെ ഫ്രീകിക്ക് ഒരു ഫ്രീ ഹെഡറിലൂടെ മക്ടോമിനെ വലയിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ഡച്ച് താരം വാൻഡെബീകിന്റെ ഒരു ബാക്ക് ഹീൽ പാസ് സ്വീകരിച്ച് മാറ്റ ബ്രൈറ്റൺ ഡിഫൻസിനെ കബളിപ്പിച്ച് പന്ത് വലയിൽ എത്തിച്ചു. മാറ്റയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള അമ്പതാം ഗോളായിരുന്നു ഇത്. പിന്നാലെ മത്സരത്തിന്റെ അവസാനം പോൾ പോഗ്ബയുടെ ഒരു ഫ്രീകിക്കിൽ നിന്ന് യുണൈറ്റഡ് മൂന്നാം ഗോളും നേടി. പോഗ്ബ യുണൈറ്റഡിനായി നേടുന്ന ആദ്യ ഡയറക്ട് ഫ്രീകിക്ക് ഗോളാണിത്.

സെന്റർ ബാക്ക് എറിക് ബയി, യുവ ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ എന്നിവരൊക്കെ ഇന്ന് യുണൈറ്റഡിന് വേണ്ടി മികച്ചു നിന്നു.

Advertisement