ഇംഗ്ലീഷ് ഫുട്ബോൾ സീസണിലെ ആദ്യ ഫൈനലിൽ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും. ലീഗ് കപ്പ് ഫൈനലിൽ ജയിച്ച് സീസണിലെ ആദ്യ കിരീടം സ്വന്തമാക്കാനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ദിവസങ്ങൾക്ക് മുൻപ് മാഞ്ചസ്റ്റർ സിറ്റിയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെയാണ് ചെൽസി വീണ്ടും സിറ്റിയെ നേരിടാനിറങ്ങുന്നത്. ഇരു ടീമുകളും ഇതുവരെ അഞ്ചു തവണ ലീഗ് കപ്പ് കിരീടം സ്വന്തമാക്കിയിട്ടുണ്ട്.
ലീഗ് കപ്പിൽ കഴിഞ്ഞ തവണ കിരീടം നേടിയത് മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു. അതെ സമയം ഇന്നത്തെ ഫൈനൽ ചെൽസിക്കും പരിശീലകൻ സാരിക്കും ജീവൻ മരണ പോരാട്ടമാണ്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ കനത്ത തോൽവിക്ക് ശേഷം സാരിയുടെ സ്ഥാനം തെറിക്കുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം എഫ്.എ കപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനോടും തോറ്റതോടെ ചെൽസി ആരാധകർ സാരിക്കെതിരെ തിരിഞ്ഞിരുന്നു.
മാഞ്ചസ്റ്റർ സിറ്റി നിരയിൽ ജോൺ സ്റ്റോൺസ്, മെന്റി, ഗബ്രിയേൽ ജെസൂസ് എന്നിവർ എല്ലാം പരിക്കിന്റെ പിടിയിലാണ്. അതെ സമയം ചെൽസി നിരയിൽ ഗോൾ കീപ്പർ കെപയും പരിക്ക് മൂലം ഇന്ന് ഇറങ്ങിയേക്കില്ല. പെഡ്രോയും സാപ്പകോസ്റ്റയും അസുഖം കാരണം ഇന്നത്തെ മത്സരത്തിന് ഇറങ്ങുമോ എന്നും ഉറപ്പില്ല.