ലെസ്റ്ററിനെ മറികടന്ന് സിറ്റി കാരബാവോ കപ്പ് സെമി ഫൈനലിൽ

പെനാൽറ്റി ഷൂട്ട് ഔട്ടിൽ ലെസ്റ്റർ സിറ്റിയെ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി കാരബാവോ കപ്പ് സെമി ഫൈനലിൽ കടന്നു. നിശ്ചിത സമയത്ത്‌ 1-1 ന് പിരിഞ്ഞതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് നീണ്ടത്. ഇതിൽ 3-1 ന് ജയിച്ചതോടെയാണ് സിറ്റി സെമി ഉറപ്പാക്കിയത്. യുവ ഗോൾ കീപ്പർ മുറിച്ചിന്റെ മികച്ച പ്രകടനമാണ്‌ സിറ്റിക്ക് ജയം ഉറപ്പാക്കിയത്.

കെവിൻ ഡു ബ്രെയ്‌നയുടെ ഗോളിൽ ആദ്യ പകുതിയിൽ സിറ്റി ലീഡ് നേടുകയായിരുന്നു. പക്ഷെ രണ്ടാം പകുതിയിൽ ആൾബ്രൈറ്റൻ ലെസ്റ്ററിന്റെ സമനില ഗോൾ നേടി. ഷൂട്ട് ഔട്ടിൽ ഫ്യൂച്സ്‌, മാഡിസൻ, സോയുഞ്ചു എന്നിവരുടെ പെനാൽറ്റികൾ ലെസ്റ്റർ നഷ്ടപ്പെടുത്തി. ഗുണ്ടോഗൻ, ജിസൂസ്, സിഞ്ചെക്കോ എന്നിവർ സിറ്റിക്കായി ലക്ഷ്യം കണ്ടപ്പോൾ സ്റ്റർലിങ്ങിന്റെ പെനാൽറ്റി താരം നഷ്ടപ്പെടുത്തി.