കാരബാവോ കപ്പിന്റെ ആദ്യ പാദത്തിൽ സ്പർസിനെതിരെ ഏകപക്ഷീയ ജയം സ്വന്തമാക്കി ചെൽസി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ചെൽസി ജയം സ്വന്തമാക്കിയത്. മുൻ ചെൽസി പരിശീലകനായിരുന്ന അന്റോണിയോ കൊണ്ടെയുടെ ചെൽസിയിലേക്കുള്ള തിരിച്ചുവരവ് കണ്ട മത്സരം കൂടിയായിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ ചെൽസി രണ്ട് ഗോളുകൾക്ക് മുൻപിലായിരുന്നു.
മത്സരത്തിന്റെ ഹാവേർട്സിന്റെ ഗോളിലാണ് ചെൽസി മുൻപിലെത്തിയത്. അലോൺസോയുടെ പാസിൽ നിന്നാണ് ഹാവേർട്സ് ഗോൾ നേടിയത്. തുടർന്ന് അധികം താമസിയാതെ ബെൻ ഡേവിസിന്റെ സെൽഫ് ഗോളിൽ ചെൽസി ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ടൻഗൻഗയുടെ ഹെഡർ ബെൻ ഡേവിസിന്റെ ദേഹത്ത് തട്ടി സ്വന്തം വലയിൽ തന്നെ പതിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ മാറ്റവുമായി ഇറങ്ങിയ സ്പർസ് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ചെൽസിക്ക് മേൽ കടുത്ത വെല്ലുവിളി സൃഷ്ട്ടിക്കാൻ അവർക്കായില്ല. രണ്ടാം പകുതിയിൽ ചെൽസിക്ക് ലഭിച്ച തുറന്ന അവസരങ്ങൾ ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞതുമില്ല.