ബ്രൈറ്റണിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നു ആഴ്‌സണൽ ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ കയറി. 10 മാറ്റങ്ങളും ആയി ഇറങ്ങിയ ആഴ്‌സണൽ പുതിയ പ്രതിരോധതാരം ഇൻകാപ്പിയക്കും അക്കാദമി മുന്നേറ്റ നിരതാരം 17 കാരനായ ആന്ദ്ര ഹരിമാനും അരങ്ങേറ്റം നൽകി. അതേസമയം ആദ്യ പതിനൊന്നിൽ ഇടം പിടിച്ച 15 കാരനായ മാക്‌സ് ഡോമാൻ ആഴ്‌സണലിന് ആയി ഒരു മത്സരത്തിൽ ആദ്യ പതിനൊന്നിൽ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. മികച്ച ടീമും ആയി ഇറങ്ങിയ ബ്രൈറ്റൺ ആഴ്‌സണലിനെ ആദ്യ പകുതിയിൽ പരീക്ഷിച്ചു എങ്കിലും ഗോൾ കീപ്പർ കെപയെ മറികടക്കാൻ ആയില്ല.

പലപ്പോഴും 15 കാരനായ ഡോമാന്റെ നീക്കങ്ങൾ എതിരാളികൾക്ക് കുഴപ്പം സൃഷ്ടിച്ചു. രണ്ടാം പകുതിയിൽ നന്നായി തുടങ്ങിയ ആഴ്‌സണൽ 57 മത്തെ മിനിറ്റിൽ മുന്നിൽ എത്തി. മനോഹരമായ ഒരു ടീം ഗോൾ ആയിരുന്നു ഇത്. എസെ നൽകിയ പാസ് മെറീനോ ബാക് ഹീൽ ചെയ്തു ലൂയിസ് സ്‌കെല്ലിക്ക് നൽകി, തുടർന്ന് സ്‌കെല്ലിയുടെ പാസ് മനോഹരമായി വലയിൽ എത്തിച്ച എഥൻ ന്വനേരി ആഴ്‌സണലിന് മുൻതൂക്കം സമ്മാനിച്ചു. തുടർന്ന് പകരക്കാരനായി ഇറങ്ങിയ ടിമ്പർ നടത്തിയ മികച്ച റണ്ണിനും പാസിനും ഒടുവിൽ ഹാരിമാന്റെ ഷോട്ട് ഗോൾ കീപ്പർ തടഞ്ഞങ്കിലും റീബോണ്ടിൽ 76 മത്തെ മിനിറ്റിൽ ഗോൾ നേടിയ മറ്റൊരു പകരക്കാരൻ ബുകയോ സാക ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു.














