ലീഗ് കപ്പിലും മുന്നേറാൻ ആഴ്‌സണൽ,വെല്ലുവിളി ഉയർത്താൻ ബ്രൈറ്റൺ

Wasim Akram

Fabio Viera Rob Holding Arsenal
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് ലീഗ് കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ ആഴ്‌സണൽ ഇന്ന് ബ്രൈറ്റണിനെ നേരിടും. പ്രീമിയർ ലീഗിൽ നിലവിൽ മികച്ച ഫോമിലുള്ള ഒരു ടീമുകളും തമ്മിലുള്ള പോരാട്ടം ആവേശകരമാവും. പ്രമുഖതാരങ്ങൾക്ക് വിശ്രമം നൽകി തന്നെയാവും ആഴ്‌സണൽ കളിക്കാൻ ഇറങ്ങുക. എങ്കിലും ചിലപ്പോൾ നന്നായി കളിക്കുന്നു എങ്കിലും ഗോൾ അടിക്കാൻ വിഷമിക്കുന്ന ഗബ്രിയേൽ ജീസുസിന് ചിലപ്പോൾ ആർട്ടെറ്റ അവസരം നൽകിയേക്കും. എഡി എങ്കിതിയ,ഫാബിയോ വിയേര, റീസ് നെൽസൺ എന്നിവർ ആവും മുന്നേറ്റത്തിൽ, ചിലപ്പോൾ മാർക്വീനോസിനും അവസരം ലഭിച്ചേക്കും.

മധ്യനിരയിൽ മുഹമ്മദ് എൽനെനി, സാമ്പി ലൊകോങോ എന്നിവർക്ക് അവസരം ലഭിക്കുമ്പോൾ ശാക്ക, പാർട്ടി അടക്കമുള്ളവർക്ക് വിശ്രമം ലഭിക്കും. പ്രതിരോധത്തിൽ ഗബ്രിയേൽ ടീമിൽ തുടരാൻ തന്നെയാണ് സാധ്യത. ഒപ്പം ഹോൾഡിങ് എത്തുമ്പോൾ റൈറ്റ് ബാക്ക് ആയി സെഡറിക് സുവാരസിന് അവസരം ലഭിക്കും. നിലവിൽ ടോമിയാസുവിനു പരിക്കേറ്റതും ബെൻ വൈറ്റിനു വിശ്രമം ആവശ്യമുള്ളതും പോർച്ചുഗീസ് താരത്തിന് അവസരം തുറക്കും. ലെഫ്റ്റ് ബാക്ക് ആയി ടിയേർണി ഇറങ്ങുമ്പോൾ ഗോൾ പോസ്റ്റിനു മുന്നിൽ പരിക്കിൽ നിന്നു മുക്തനായ മാറ്റ് ടർണർ ആവും നിൽക്കുക. ജയം തുടർന്ന് ലീഗ് കപ്പിലും മുന്നേറാൻ ആവും ആഴ്‌സണലിന്റെ ശ്രമം.

മറുവശത്ത് പുതിയ പരിശീലകനു കീഴിൽ ആദ്യം താളം കണ്ടത്താൻ വിഷമിച്ച ബ്രൈറ്റൺ പിന്നീട് മികവിലേക്ക് ഉയരുന്നത് ആണ് കാണാൻ ആയത്. ചെൽസിയെയും വോൾവ്സിനെയും വീഴ്ത്തിയാണ് അവർ മത്സരത്തിന് എത്തുന്നത്. സമീപകാലത്ത് ലീഗിൽ ആഴ്‌സണലിന് എതിരെ മികച്ച റെക്കോർഡും അവർക്ക് ഉണ്ട്. എന്നാൽ ട്രോസാർഡ് അടക്കമുള്ള പ്രമുഖ താരങ്ങൾക്ക് അവർ ചിലപ്പോൾ വിശ്രമം നൽകിയേക്കും. മക് അലിസ്റ്റർ,ആദം ലല്ലാന, പാസ്‌കൽ ഗ്രോസ്, സോണി മാർച്ച്, കായിസെഡോ തുടങ്ങിയ മികച്ച താരങ്ങൾ തന്നെയാണ് ബ്രൈറ്റണിന്റെ കരുത്ത്. ലോകകപ്പിന് മുമ്പ് സ്വന്തം കാണികൾക്ക് മുന്നിൽ ഇത് അവസാന മത്സരം ആയതിനാൽ മികച്ച ജയം നേടാൻ ആവും ആഴ്‌സണൽ ശ്രമം.