കൊറോണക്കാലത്ത് ഫുട്ബോൾ തിരികെയെത്തിയെങ്കിലും അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് കാണികളില്ലാതെയാണ് ഫുട്ബോൾ നടക്കുന്നത്. ഗാലറിയിൽ ഓരോ ഫുട്ബോൾ മത്സരങ്ങളും ആഘോഷമാക്കിയ ആരാധകർ ഇപ്പോൾ ടെലിവിഷനിലൂടെയും സ്ട്രീമിംഗ് സൈറ്റുകളിലൂടെയുമാണ് മത്സരങ്ങൾ കാണുന്നത്.
കൊറോണക്കാലത്ത് ഫുട്ബോൾ ആരാധകർക്ക് നഷ്ടപ്പെട്ടത് വിലയേറിയ സ്റ്റേഡിയം എക്സ്പീരിയൻസാണ്. കാണികൾ ഇല്ലാതെ കളിക്കുന്നത് ടീമുകളേയും ബാധിച്ചു എന്നൊരുതരത്തിൽ പറയാം. എന്നാൽ വീണ്ടും ആരാധകരെ സ്റ്റേഡിയത്തിൽ തിരികെ എത്തിക്കാനാണ് ജർമ്മൻ ക്ലബ്ബായ യൂണിയൻ ബെർലിൻ ശ്രമിക്കുന്നത്.
ആരാധകരുടെ ക്ലബ്ബ് എന്ന് അറിയപ്പെടുന്ന യൂണിയൻ കൊവിഡ് ചട്ടങ്ങൾ എല്ലാം പാലിച്ച് ആരാധകരെ തിരികെ എത്തിക്കാനുള്ള പദ്ധതിയിലാണ്. 22,012 ആരാധകരെയും ബുണ്ടസ് ലീഗ സെപ്റ്റംബറിൽ തിരികെയെത്തുമ്പോൾ സ്റ്റേഡിയത്തിൽ എത്തിക്കാനാണ് ശ്രമം. എല്ലാ ആരാധകർക്കും കോവിഡ് ടെസ്റ്റ് നടത്തുകയും 24 മണിക്കൂറിനുള്ളിൽ കൊറോണ നെഗറ്റീവ് ആയ ആരാധകരെ മാത്രം സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാനുമാണ് യൂണിയൻ ബെർലിൻ പദ്ധതി വിഭാവനം ചെയ്യുന്നത്. കൊറോണ ടെസ്റ്റിനായുള്ള എല്ലാ ചിലവും യുണിയൻ ബെർലിൻ തന്നെ വഹിക്കും. ജർമ്മൻ അധികൃതരുമായി ചർച്ചയിൽ ആണിപ്പോൾ ക്ലബ്ബ്. ജർമ്മൻ അധികൃതർ ഈ പദ്ധതി അംഗീകരിച്ചാൽ ഫുട്ബോൾ ലോകത്ത് ഒരു ചരിത്രമെഴുതാനാണ് യൂണിയൻ ബെർലിൻ ഒരുങ്ങുന്നത്.
സാമ്പത്തികപ്രശ്നങ്ങളിൽ പെട്ട് കുഴങ്ങിയ ക്ലബ്ബിനെ സഹായിച്ചത് ആരാധകരാണ്. 2008ൽ സ്റ്റേഡിയം നവീകരണത്തിനായി 1600 ഓളം ആരാധകരാണ് നിർമാണ ചിലവ് കുറയ്ക്കാൻ ക്ലബിന് വേണ്ടി പണിക്കിറങ്ങിയത്. “ബ്ലീഡ് ഫോർ യൂണിയൻ” എന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പയിൻ വഴി ആരാധകഎ സമാഹരിച്ച 1.5 മില്യൺ ആണ് ക്ലബ്ബിനെ സാമ്പത്തിക ബാധ്യതകളിൽ നിന്നും കരകേറ്റിയത്. ഇത്രയേറെ ഒരു യൂണിയൻ ബെർലിനായി ചെയ്ത ആരാധകർക്ക് വേണ്ടി ഫുട്ബോൾ അനുഭവം തിരികെ എത്തിക്കാനാണ് ക്ലബ്ബ് ശ്രമിക്കുന്നത്.