ഇറാനിൽ സ്റ്റേഡിയത്തിൽ ഇരുന്ന് ഫുട്ബോൾ മത്സരം കാണാനുള്ള അവകാശത്തിനായി പോരാടി ഒടുവിൽ മരണത്തിനു കീഴടങ്ങിയ “ബ്ലൂഗേൾ” സഹറിന് പിന്തുണയുമായി ബുണ്ടസ് ലീഗ ക്ലബ്ബായ യൂണിയൻ ബെർലിൻ. ലിംഗഭേദമില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശനമനുവദിക്കണമെന്നും ഫുട്ബോൾ ആരാധികയാകുന്നത് മനുഷ്യാവകാശമാണെന്നും രേഖപ്പെടുത്തിയ ബാനറുകൾ യൂണിയൻ ബെർലിൻ ആരാധകർ ഉയർത്തി.
ഇറാനിയൻ ക്ലബ്ബായ ഇസ്റ്റഗ്ലാൽ എഫ്സിയുടെ ആരാധികയായ സഹർ സ്റ്റേഡിയത്തിൽ കളികണ്ടിരുന്നു. ഇറാനിൽ വനിതകൾക്ക് ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ പ്രവേശിക്കാൻ പാടില്ല. എന്നാൽ ഇത് മറികടന്ന് ഇസ്റ്റെഗ്ലാലിന്റെ മത്സരങ്ങൾ കണ്ടത്. ഇതേ തുടർന്ന് സഹറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫുട്ബോൾ കണ്ടു എന്ന കുറ്റത്തിൽ യുവതിയെ 6 മാസം ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. ഈ വിധിയിൽ നിരാശയായ യുവതി പ്രതിഷേധമായി സ്വയം തീ കൊളുത്തുകയും ചെയ്തു. ഇറാനിലെ യാഥാസ്ഥിതിക ഭരണകൂടത്തിനോടുള്ള പ്രതിഷേധത്തിന്റെ പ്രതീകമായ സഹർ പിന്നീട് മരണപ്പെട്ടു. ഇറാനിയൻ ഫുട്ബോൾ അസോസിയേഷനെതിരെയും ഇറാനിലെ ഭരണാധികാരികൾക്ക് എതിരെയും ശക്തമായ പ്രതിഷേധം തന്നെ ഇപ്പോൾ ഉയരുകയാണ്. ഫിഫ ഇറാനെതിരെ നടപടി എടുക്കണം എന്നാണ് ഫുട്ബോൾ ആരാധകർ ആവശ്യപ്പെടുന്നത്.