100 ആം ഗോളിൽ ആരാധകർക്കായി സർപ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് ഒബാമയാങ്

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഗോളടിയന്ത്രം പിയറി എമെറിക് ഒബാമയാങ് ആരാധകർക്ക് വേണ്ടി ഒരു സർപ്രൈസാണ് ഒരുക്കിയിരിക്കുന്നത്. തന്റെ നൂറാം ബുണ്ടസ് ലീഗ ഗോളിനായി കാത്തിരിക്കാനാണ് ഒബാമയാങ് ആരാധകരോട് ആവശ്യപ്പെട്ടത്. ഈ സീസണിൽ പതിമൂന്നു ഗോളുകളാണ് ഒബാമയാങ് ഡോർട്ട്മുണ്ടിന് വേണ്ടി നേടിയിരിക്കുന്നത്. നിലവിൽ ഒബാമയങ്ങിന്റെ ബുണ്ടസ് ലീഗ ഗോളുകളുടെ എണ്ണം 98 ആണ്. കഴിഞ്ഞ സീസണിൽ ഏറ്റവുമധികം ഗോൾ നേടിയത് ഒബാമയാങ് ആയിരുന്നു. ഈ സീസണിൽ ബയേണിന്റെ ലെവെൻഡോസ്‌കിയാണ് ടോപ്പ് സ്‌കോറർ എങ്കിലും രണ്ടു ഗോൾ പിറകിലായി ഒബാമയങ്ങുമുണ്ട്.കഴിഞ്ഞ സീസണിൽ 31 ഗോളുകളാണ് ഒബാമയാങ് അടിച്ചത്.

സാധാരണയായി പ്രത്യേകാവസരങ്ങളിൽ മാസ്ക് വെച്ച് ആഘോഷിക്കാറുള്ള ഒബാമയാങ് ഇത്തവണ ആരുടെ മാസ്ക് വെച്ചാണ് ആഘോഷിക്കുക എന്ന് ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്. 2013 മുതൽ ഡോർട്ട്മുണ്ടിനോടൊപ്പമാണ് 28 കാരനായ ഈ ഗാബോണീസ് താരം. കഴിഞ്ഞ മൂന്നു സീസണുകളിലായി ലെവൻഡോസ്‌കിയും ഒബമയങ്ങും ഗോൾ വേട്ടയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെക്കുന്നത്. ബുണ്ടസ് ലീഗയിൽ ഏറ്റവുമധികം ഗോൾ നേടുന്ന ആഫ്രിക്കൻ താരമായ ഒബാമയാങ് വെർഡർ ബ്രെമനെതിരെയാണ് ആ നേട്ടം സ്വന്തമാക്കിയത്. ഡോർട്ട്മുണ്ടിന്റെ സ്വന്തം സിഗ്നൽ ഇടൂന പാർക്കിലാണ് ഡോർട്ട്മുണ്ടിന്റെ അടുത്ത മത്സരം. വോൾഫ്സ്ബർഗിനെയാണ് ഡോർട്ട്മുണ്ട് നേരിടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial