ബയേൺ മ്യൂണിക്കിൽ പകരക്കാരനായി ഇറങ്ങുന്നത് തുടരുകയാണെങ്കിൽ ടീം വിടുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന സൂചന നൽകി തോമസ് മുള്ളർ. ഈ സീസണിൽ കേവലം 3 ലീഗ് മത്സരങ്ങളിൽ മാത്രമാണ് താരത്തിന് ആദ്യ ഇലവനിൽ ഇടം ലഭിച്ചത്. ഇതോടെയാണ് തന്റെ കരിയർ പൂർണമായും കളിച്ച ജർമ്മൻ ക്ലബ്ബ് വിടുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് താരം വ്യക്തമാക്കിയത്.
ബാഴ്സയിൽ നിന്ന് ഫിലിപ് കുട്ടീഞ്ഞോ എത്തിയതോടെയാണ് താരത്തിന്റെ ടീമിലെ അവസരം കുറഞ്ഞത്. മുള്ളറിനെയും കുട്ടിഞ്ഞോയെയും ഒരേ ടീമിൽ കളിപ്പിക്കുക എന്നത് അസാധ്യമാണെന്ന് നേരത്തെ ബയേണിന്റെ പരിശീലകൻ നിക്കോ കോവാക് വ്യക്തമാക്കിയിരുന്നു. 30 വയസുകാരനായ മുള്ളർ തനിക്ക് പൂർണ്ണ കായിക ക്ഷമത ഉണ്ടെന്നും ടീമിനെ ഇനിയും സഹായിക്കാനാകുമെന്നും വ്യക്തമാക്കി. പക്ഷെ ബയേൺ പരിശീലക സംഘം തന്നെ വെറും പകരക്കാരനായി കാണുകയാണെങ്കിൽ തനിക്ക് മറ്റു സാധ്യതകൾ തേടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.