കിരീടധാരണത്തിനു പിറകെ ബയേണിന് ഞെട്ടിക്കുന്ന തോൽവി

Wasim Akram

ജർമ്മൻ ബുണ്ടസ് ലീഗയിൽ ചാമ്പ്യന്മാർ ആയ ബയേണിനെ അട്ടിമറിച്ചു മൈൻസ്. കിരീടധാരണം നടന്നു അടുത്ത ആഴ്ച തന്നെയാണ് ബയേണിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മൈൻസ് വീഴ്ത്തിയത്. മത്സരത്തിൽ ഏതാണ്ട് 70 ശതമാനം സമയവും പന്ത് കൈവശം വച്ചത് ബയേൺ ആയിരുന്നു എങ്കിലും കൂടുതൽ അവസരങ്ങൾ തുറന്നത് മൈൻസ് ആയിരുന്നു. 22 ഷോട്ടുകൾ ആണ് ബയേണിന് എതിരെ അവർ ഉതിർത്തത്. 18 മത്തെ മിനിറ്റിൽ തന്നെ മൈൻസ് ബയേണിനെ ഞെട്ടിച്ചു. ബയേണിന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഡൊമനിക് കോഹ്‌ർ നൽകിയ പാസിൽ നിന്നു ജോനാഥൻ ഗോൾ നേടി. 27 മത്തെ മിനിറ്റിൽ ഫ്രീകിക്കിൽ നിന്നു ലഭിച്ച അവസരത്തിൽ ആന്റോൺ സ്റ്റാക്കിന്റെ പാസിൽ നിന്നു മൂസ നിഖാറ്റെയാണ് അവരുടെ രണ്ടാം ഗോൾ നേടിയത്.

എന്നാൽ 6 മിനിറ്റുകൾക്ക് ഉള്ളിൽ ബയേൺ ഒരു ഗോൾ മടക്കി. എറിക് ചുപോ മോട്ടിങ് നൽകിയ പാസിൽ നിന്നു റോബർട്ട് ലെവൻഡോസ്കി ആയിരുന്നു അവർക്ക് ഗോൾ നേടി നൽകിയത്. രണ്ടാം പകുതിയിൽ ലെവൻഡോസ്കിക്ക് ലഭിച്ച സുവർണ അവസരത്തിൽ നിന്നു മികച്ച രക്ഷപ്പെടുത്തൽ നടത്തിയ മൈൻസ് ഗോൾ കീപ്പർ അവരുടെ മുൻതൂക്കം നിലനിർത്തി. എന്നാൽ 57 മത്തെ മിനിറ്റിൽ സിൽവൻ വിഡ്മറിന്റെ പാസിൽ നിന്നു ഗോൾ നേടിയ ലിയാൻഡ്രോ ബരീരോ മൈൻസ് ജയം പൂർത്തിയാക്കുക ആയിരുന്നു. തുടർന്നും ഗോൾ നേടാൻ അവസരങ്ങൾ മൈൻസിന് ലഭിച്ചു എങ്കിലും അവർ കൂടുതൽ ഗോൾ നേടാത്തത് ബയേണിനെ വലിയ നാണക്കേടിൽ നിന്നു രക്ഷിച്ചു.