ബുണ്ടസ് ലീഗയിലും ചരിത്രമെഴുതി ഹാട്രിക്ക് ഹീറോ ഹാലൻഡ്

ബൂണ്ടസ് ലീഗയിൽ ചരിത്രമെഴുതിയിരിക്കുകയാണ് നോർവീജിയൻ സെൻസേഷൻ എർലിംഗ് ഹാലൻഡ്. ബൊറുസിയ ഡോർട്ട്മുണ്ടിന്റെ ഈ ഹാട്രിക്ക് ഹീറോ ബ്ലാക്ക് ആൻഡ് യെല്ലോസിന് ബുണ്ടസ് ലീഗെയിലെ തന്നെ ഏറ്റവും അവിസ്മരണീയമായ തിരിച്ചു വരവാണ് സമ്മാനിച്ചത്. പകരക്കാരനായി ഇറങ്ങിയ ഹാലൻഡ് 20 മിനുട്ടിൽ ഹാട്രിക്ക് നേടി കളിമാറ്റി. 56 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ഹാലൻഡ് 3 മിനുട്ട് കൊണ്ട് തന്നെ തന്റെ ആദ്യ ഗോൾ നേടി.

അരങ്ങേറ്റത്തിൽ തന്നെ ഗോളടിക്കുന്ന രണ്ടാമത്തെ ഡോർട്ട്മുണ്ട് താരമാണ് ഹാലൻഡ്. ഒബ്മയാങ്ങ് ആണ് ഈ നേട്ടം ഇതിനു മുൻപ് സ്വന്തമാക്കിയത്. ബുണ്ടസ് ലീഗയിലെ ആദ്യ മൂന്ന് ഷോട്ടിൽ തന്നെയാണ് ഹാലൻഡ് ഹാട്രിക്ക് നേടിയത്‌ കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗിൽ ആദ്യ മുന്ന് ഷോട്ടിൽ തന്നെയായിരുന്നു ഹാട്രിക്ക് നേടി ഹാലൻഡ് ചരിത്രമെഴുതിയത്. ഹാലൻഡിന്റെ വരവ് കിരീടപ്രതീക്ഷ മങ്ങിയിരുന്ന ബൊറുസിയ ഡോർട്ട്മുണ്ടിനും കോച്ച് ലൂസിയൻ ഫാവ്രേക്കും വലിയ ആത്മവിശ്വാസമാണ് നൽകുക. സാഞ്ചോ-റിയൂസ്-ഹാലൻഡ് സഖ്യം കിരീടത്തിലേക്ക് ഒരിടവേളക്ക് ശേഷം ഡോർട്ട്മുണ്ടിനെ നയിക്കുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു‌.