ബുണ്ടസ് ലീഗ ക്ലബ്ബായ ബയേൺ മ്യൂണിക്ക് ജർമ്മൻ യുവതാരം കായ് ഹാവേർട്സിനെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ജർമ്മനിയിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് പരിശീലകൻ ഹാൻസി ഫ്ലികിന്റെ നിർദ്ദേശ പ്രകാരമാണ് ഹാവേർട്സിനെ ടീമിലെത്തിക്കാൻ ബയേൺ മാനേജ്‌മെന്റ് ശ്രമിക്കാതെയീരുന്നത്. ബയേണിന്റെ പരിശീലകൻ ഹാൻസി ഫ്ലിക് കായ് ഹാവേർട്സിന്റെ ആരാധകൻ ആണെങ്കിലും തോമസ് മുള്ളർ ടീമിലുള്ളതിനാൽ വർഷങ്ങളോളം ഹാവേർട്സിനെ ടീമിൽ കളിപ്പിക്കാൻ ഇടമില്ല എന്നാണ് മാനേജ്‌മെന്റിനെ അറിയിച്ചത്.
മുള്ളറും ഗ്നാബ്രിയും ലെവൻഡോസ്കിയും അടങ്ങുന്ന അക്രമണനിരയുടെ പിൻബലത്തിലാണ് ബയേൺ യുവേഫ ചാമ്പ്യൻസ് ലീഗ് ഉയർത്തിയത്. ബയേണിന്റെ മുൻ പ്രസിഡന്റ് ഉലി ഹോസനും നിലവിലെ ചെയർമാൻ കാൾ ഹെയിൻസ് റെമനിഗെയും കായ് ഹാവേർട്സിനോടുള്ള താല്പര്യം പരസ്യമാക്കിയവരാണ്. ജർമ്മൻ ക്ലബ്ബായ ബയേർ ലെവർകൂസന്റെ താരമായ ഹാവേർട്സിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് ചെൽസിയാണ്. ബയേർ ലെവർകൂസന് 80 മില്യണും ഒപ്പം 20 മില്യൺ ബോണസും ഉള്ള ഓഫർ നൽകിയിരിക്കുകയാണ് ചെൽസി. വൈകാതെ തന്നെ താരം ലണ്ടനിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.