ജർമ്മനിയിലെ കിരീടം ഒരുക്കൽ കൂടെ ബയേണിന്റെ കയ്യിൽ തന്നെ എത്തും എന്ന് ഏതാണ്ട് ഉറപ്പാകുന്നു. ഇന്ന് നിർണായക മത്സരത്തിൽ സ്വന്തം സ്റ്റേഡിയത്തിൽ ഡോർട്മുണ്ടിനേറ്റ അപ്രതീക്ഷിത പരാജയമാണ് ബുണ്ടസ് ലീഗയുടെ വിധി ഏകദേശം തീരുമാനമാക്കിയത്. ഇന്ന് ഷാൽക്കെ ആണ് ഡോർട്മുണ്ടിനെ പരാജയപെടുത്തിയത്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ഷാൾക്കെയുടെ ജയം.
കളിയിൽ ലഭിച്ച രണ്ട് ചുവപ്പ് കാർഡുകളാണ് ഡോർട്മുണ്ടിന്റെ എല്ലാ പ്രതീക്ഷകളും തകർത്തത്. ഇന്ന് മത്സരം തുടങ്ങി 14ആം മിനുട്ടിൽ തന്നെ ഗോട്സെയിലൂടെ ഡോർട്മുണ്ട് മുന്നിൽ എത്തിയിരുന്നു. എന്നാൽ ഒരു പെനാൾട്ടി നൽകി ഡോർട്മുണ്ട് ഡിഫൻസ് ഷാൾക്കെയെ ഉടൻ തന്നെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 18ആം മിനുട്ടിൽ കലിഗിരിയും, 28ആം മിനുട്ടിൽ സാനെയും ഷാൾക്കെയ്ക്ക് വേണ്ടി ഗോൾ നേടി. സ്കോർ 2-1 എന്ന നിലയിൽ ഷാൾക്കെ മുന്നിൽ.
രണ്ടാം പകുതിയിൽ ആണ് രണ്ട് ചുവപ്പ് കാർഡുകൾ ഡോർട്മുണ്ട് വാങ്ങിയത്. ആദ്യ 60ആം മിനുട്ടിൽ റൂയസ് ചുവപ്പ് വാങ്ങി. അഞ്ചു മിനുട്ടുകൾക്കകം വോൾഫും ചുവപ്പ് കണ്ട് പുറത്തായി. 65ആം മിനുട്ടിലേക്ക് ഡോർട്മുണ്ട് 9 പേരായൊ ചുരുങ്ങി. ഈ രണ്ട് ചുവപ്പ് കാർഡുകൾക്ക് ഇടയിൽ കലിഗുരി ഒരു തവണ കൂടി വല കുലുക്കി ഷാൽക്കെയെ 3-1ന് മുന്നിൽ എത്തിച്ചു. അതോടെ പരാജയം ഉറപ്പിച്ച ഡോർട്മുണ്ട് വിറ്റ്സലിലൂടെ ഒരു ഗോൾ മടക്കി എങ്കിലും അപ്പോൾ തന്നെ നാലാം ഗോളും നേടി മൂന്ന് പോയന്റ് ഷാൾക്കെ ഉറപ്പിച്ചു.
ഈ പരാജയം ഡോർട്മുണ്ടിനെ 31 മത്സരങ്ങളിൽ 69 പോയന്റ് എന്ന നിലയിലാക്കി. 30 മത്സരങ്ങളിൽ 70 പോയന്റുള്ള ബയേണാണ് ലീഗിൽ ഒന്നാമത് ഉള്ളത്. ഇനി വെറും മൂന്ന് മത്സരങ്ങളെ ഡോർട്മുണ്ടിന് ലീഗിൽ അവശേഷിക്കുന്നുള്ളൂ.