ബുണ്ടസ് ലീഗയിൽ പരാജയം ഏറ്റുവാങ്ങി ബൊറൂസിസ ഡോർട്ട്മുണ്ട്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ആറു ഗോൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ഗ്ലാഡ്ബാകിനോട് പരാജയം ഏറ്റുവാങ്ങി ബൊറൂസിസ ഡോർട്ട്മുണ്ട്. പന്ത് കൈവശം വക്കുന്നതിലും കൂടുതൽ അവസരം ഉണ്ടാക്കിയതും ഡോർട്ട്മുണ്ട് ആയിട്ടും ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തിൽ അവർ പരാജയം ഏറ്റുവാങ്ങുക ആയിരുന്നു. മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ ലാർസ് സ്റ്റിന്റിലിന്റെ പാസിൽ നിന്നു ജൊനാസ് ഹോഫ്മാൻ ഗ്ലാഡ്ബാകിനു മത്സരത്തിൽ മുൻതൂക്കം നൽകി. 19 മത്തെ മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ പാസിൽ നിന്നു ജൂലിയൻ ബ്രാന്റ് ഡോർട്ട്മുണ്ടിന് സമനില സമ്മാനിച്ചു.

ബൊറൂസിസ ഡോർട്ട്മുണ്ട്

എന്നാൽ 7 മിനിറ്റിനുള്ളിൽ ഹോഫ്‌മാന്റെ ഫ്രീകിക്കിൽ നിന്നും ഹെഡറിലൂടെ റമി ബെൻസബൈനി ഗ്ലാഡ്ബാക്കിന്‌ വീണ്ടും മുൻതൂക്കം നൽകി. നാലു മിനിറ്റിനുള്ളിൽ ലാർസ് സിന്റിലിന്റെ പാസിൽ നിന്നു മാർക്കസ് തുറാം ഗ്ലാഡ്ബാക്കിന്‌ മൂന്നാം ഗോളും സമ്മാനിച്ചു. 40 മത്തെ മിനിറ്റിൽ നികോ ശ്ലോറ്റർബെക് ഡോർട്ട്മുണ്ടിന് ആയി ഒരു ഗോൾ കൂടി മടക്കി പ്രതീക്ഷ നൽകി. എന്നാൽ രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ജൊനാസ് ഹോഫ്‌മാന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മാനു കോനെ ഗ്ലാഡ്ബാക് ജയം ഉറപ്പിക്കുക ആയിരുന്നു. 69 മത്തെ മിനിറ്റിൽ കളിയിലെ താരമായ ഹോഫ്മാൻ മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടിയെങ്കിലും അത് വാർ അനുവദിച്ചില്ല. ജയത്തോടെ ഗ്ലാഡ്ബാക് ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോൾ അവർക്ക് 3 പോയിന്റുകൾ മുന്നിൽ ആറാമത് ആണ് ഡോർട്ട്മുണ്ട്.