ജർമ്മൻ ബുണ്ടസ് ലീഗയിൽ ഹെർത്ത ബെർലിനെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തകർത്തു ആർ.ബി ലൈപ്സിഗ്. ജയത്തോടെ ലീഗിൽ ആദ്യ നാലിൽ എത്താനും അവർക്ക് ആയി. മാർക് കെഫിന് ചുവപ്പ് കാർഡ് കണ്ടത് ആണ് മത്സരത്തിൽ ഹെർത്തക്ക് വിനയായത്. മത്സരത്തിൽ 20 മത്തെ മിനിറ്റിൽ ബെഞ്ചമിൻ ഹെൻറിക്സിലൂടെ ലൈപ്സിഗ് മത്സരത്തിൽ ആദ്യ ഗോൾ നേടി. സമനില നേടാനുള്ള ഹെർത്ത ശ്രമങ്ങൾ രണ്ടാം പകുതി തുടങ്ങിയ ഉടൻ ഫലം കണ്ടു. ഒരു പ്രത്യാക്രമണത്തിൽ സ്റ്റഫൻ ജോവറ്റിച്ചിന്റെ ഷോട്ട് ലൈപ്സിഗ് പ്രതിരോധത്തിൽ തട്ടി ഗോൾ ആവുക ആയിരുന്നു. 62 മത്തെ മിനിറ്റിൽ ക്രിസ്റ്റഫർ എങ്കുങ്കുവിനെ പെനാൽട്ടി ബോക്സിൽ വീഴ്ത്തിയതിനു കെഫിന് ചുവപ്പ് കാർഡും ലൈപ്സിഗിന് പെനാൽട്ടിയും റഫറി നൽകി.
പെനാൽട്ടി ലക്ഷ്യം കണ്ട എങ്കുങ്കു മത്സരത്തിൽ ലൈപ്സിഗിന് വീണ്ടും മുൻതൂക്കം സമ്മാനിച്ചു.ഇതിനു ശേഷം മിനിറ്റുകൾക്ക് അകം ഡാനി ഓൽമോയുടെ പാസിൽ നിന്നു തന്റെ രണ്ടാം ഗോളും എങ്കുങ്കു കണ്ടത്തി. സീസണിൽ ഉഗ്രൻ ഫോമിലുള്ള യുവ താരം ഗോൾ വേട്ട തുടരുകയാണ്. 7 മിനിട്ടുകൾക്ക് അപ്പുറം ഇത്തവണ ഗോൾ കണ്ടത്തിയ ഡാനി ഓൽമോ ലൈപ്സിഗിന്റെ വലിയ ജയം ഉറപ്പിച്ചു. 81 മത്തെ മിനിറ്റിൽ ടൈയ്ലർ ആദംസിന്റെ പാസിൽ നിന്നു ബോക്സിന് വെളിയിൽ നിന്നു ആമാദു ഹൈദാര ലൈപ്സിഗിന്റെ അഞ്ചാം ഗോൾ നേടിയപ്പോൾ 88 മത്തെ മിനിറ്റിൽ യൂസഫ് പോൾസൻ ആണ് ലൈപ്സിഗിന്റെ ഗോൾ വേട്ട അവസാനിപ്പിച്ചത്. ഡാനി ഓൽമോ ആണ് ഈ ഗോളിനും വഴി ഒരുക്കിയത്.