തിരിച്ചു വരവിൽ ഗോളുമായി ഹാളണ്ട്, ഡോർട്ട്മുണ്ട് ലീഗിൽ ഒന്നാമത്

Screenshot 20211127 222818

ബുണ്ടസ് ലീഗയിൽ വോൾവ്സ്ബർഗുമായി ജയവുമായി ബൊറൂസിയ ഡോർട്ട്മുണ്ട് ലീഗിൽ ഒന്നാം സ്ഥാനത്ത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു ഡോർട്ട്മുണ്ട് ജയം കണ്ടത്. ഒക്ടോബറിൽ പരിക്ക് മൂലം ടീമിൽ നിന്നു പുറത്ത് പോയ ശേഷം തിരിച്ചു വന്ന ഏർലിങ് ഹാളണ്ട് ഗോളുമായി തന്റെ മടങ്ങി വരവ് അറിയിച്ച മത്സരം കൂടിയായിരുന്നു ഇത്. മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ വെഗ്ഹോസ്റ്റിന്റെ ഗോളിൽ ഡോർട്ട്മുണ്ട് പിന്നിലായി. എന്നാൽ തുടർന്ന് പതുക്കെ മത്സരത്തിൽ ആധിപത്യം നേടുന്ന ഡോർട്ട്മുണ്ടിനെയാണ് കാണാൻ ആയത്. 35 മത്തെ മിനിറ്റിൽ ക്യാപ്റ്റൻ മാർകോ റൂയിസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട എമറെ ചാൻ ആണ് ഡോർട്ട്മുണ്ടിന് സമനില ഗോൾ നൽകിയത്.

രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണം കടപ്പിച്ചു ഡോർട്ട്മുണ്ട്. ഇതിന്റെ ഫലം ആയിരുന്നു 55 മത്തെ മിനിറ്റിൽ മാർകോ റൂയിസിന്റെ പാസിൽ നിന്നു മാലൻ നേടിയ ഗോൾ. ബോക്സിന് പുറത്ത് നിന്ന് വലൻ കാലൻ അടിയിലൂടെ ആണ് ഡച്ച് താരം ഡോർട്ട്മുണ്ടിന് മുൻതൂക്കം നൽകിയത്. തുടർന്ന് 73 മത്തെ മിനിറ്റിൽ മാലനു പകരക്കാരൻ ആയാണ് ഹാളണ്ട് കളത്തിൽ ഇറങ്ങുന്നത്. തുടർന്ന് ജൂലിയൻ ബ്രാന്റിന്റെ ക്രോസിൽ നിന്നു ഇടൻ കാലൻ അടിയിലൂടെ ഇറങ്ങി 7 മിനിറ്റിനകം തന്റെ ഗോൾ കണ്ടത്തി ഹാളണ്ട് മടങ്ങി വരവ് പ്രഖ്യാപിച്ചു. ബുണ്ടസ് ലീഗയിൽ 50 മത്സരത്തിൽ 50 മത്തെ ഗോളാണ് ഹാളണ്ട് നേടിയത്. ജയത്തോടെ ബയേണിനെക്കാൾ ഒരു കളി കൂടുതൽ കളിച്ച ഡോർട്ട്മുണ്ട് നിലവിൽ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി.

Previous articleക്രിസ് ഗെയിലിന് വിടവാങ്ങൽ മത്സരം ലഭിയ്ക്കും
Next articleഇതുവരെ നേരിട്ടതിൽ ഏറ്റവും കടുപ്പമുള്ള എതിരാളികൾ ആകും കേരള ബ്ലാസ്റ്റേഴ്സ്