ബുണ്ടസ് ലീഗയിൽ ഗോൾ മഴയോടെ തുടങ്ങി ബൊറുസിയ ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ ഗോൾ മഴ പെയ്യിച്ച് ബൊറുസിയ ഡോർട്ട്മുണ്ട്. ഓഗ്സ്ബർഗിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. പാക്കോ അൽക്കാസർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ക്യാപ്റ്റൻ മാർക്കോ റിയൂസ്, യുവതാരം ജേഡൻ സാഞ്ചോ, ജൂലിയൻ ബ്രാൻഡ് എന്നിവരും സ്കോർ ചെയ്തു. ഫ്ലോറിയൻ നൈഡർലെക്നറാണ് ഓഗ്സ്ബർഗിന്റെ ആശ്വാസ ഗോൾ നേടിയത്. ബുണ്ടസ് ലീഗ കിരീടത്തിനായി പൊരുതുന്ന ഡോർട്ട്മുണ്ട് ഇന്ന് ജയത്തോടെ തുടങ്ങി.

മത്സരത്തിന്റെ ആദ്യ മിനുട്ടിൽ തന്നെ ഓഗ്സ്ബർഗ് ഗോളടിച്ചു. 80000 ലധികം വരുന്ന ഡോർട്ട്മുണ്ട് ആരാധകരെ ആവേശത്തിലാഴ്ത്തി കൊണ്ട് പാക്കോ അൽക്കസർ മൂന്നാം മിനുട്ടിൽ ഗോൾ മടക്കി. ക്യാപ്റ്റൻ റിയുസ് ആയിരുന്നു ഗോളിന് വഴിയൊരുക്കിയത്. പിന്നീട് ആദ്യ പകുതിയിൽ ഗോളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ ഡോർട്ട്മുണ്ടിന്റെ താണ്ഡവമായിരുന്നു. എട്ട് മിനുട്ടിനുള്ളിൽ മൂന്ന് ഗോളടിച്ച് ഡോർട്ട്മുണ്ട് ഒഗ്സ്ബർഗിനെ ഞെട്ടിച്ചു. സാഞ്ചോ, റിയൂസ്,അൽക്കാസർ എന്നിവർ ഗോളടിച്ചു. ലെവർകൂസനിൽ നിന്നും ഡോർട്ട്മുണ്ടിൽ എത്തിയ ജർമ്മൻ സൂപ്പർ സ്റ്റാർ ജൂലിയൻ ബ്രാൻഡും ഗോളടിച്ചപ്പോൾ ഒഗ്സ്ബർഗിന്റെ പതനം പൂർത്തിയായി. അരങ്ങേറ്റത്തിൽ തന്നെ മഞ്ഞപ്പടയ്ക്ക് വേണ്ടി ഗോളടിക്കാ‌ൻ അദ്ദേഹത്തിന് സാധിച്ചു. ബൊറുസിയ ഡോർട്ട്മുണ്ടിന്റെ വമ്പൻ ജയം ബയേൺ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. ആദ്യ മത്സരം സമനിലയിൽ ആയിരുന്നു ചാമ്പ്യന്മാർ തുടങ്ങിയത്.