വമ്പൻ ജയവുമായി ബയേൺ, ലെവർകുസനെ വീഴ്ത്തി ആർ.ബി ലൈപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഒരിടവേളയ്ക്ക് ശേഷം ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി ബയേൺ മ്യൂണിക്. മൈൻസിനെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് തകർത്ത അവർ ഒരു മത്സരം കുറവ് കളിച്ച രണ്ടാമതുള്ള യൂണിയൻ ബെർലിനെ മറികടന്നു ഒന്നാമത് എത്തി. ഇരു പകുതികളിലും ആയി മൂന്നു വീതം ഗോളുകൾ കണ്ടത്തിയ അവർക്ക് ആയി ആറു ഗോളുകളും വ്യത്യസ്ത താരങ്ങൾ ആണ് നേടിയത്. അഞ്ചാം മിനിറ്റിൽ മാനെയുടെ പാസിൽ നിന്നു സെർജ് ഗനാബ്രി ഗോൾ കണ്ടത്തിയപ്പോൾ 28 മത്തെ മിനിറ്റിൽ ചുപോ മോട്ടിങിന്റെ പാസിൽ നിന്നു യുവതാരം ജമാൽ മുസിയാല രണ്ടാം ഗോൾ കണ്ടത്തി.

43 മത്തെ മിനിറ്റിൽ പെനാൽട്ടി എതിർ ഗോൾ കീപ്പർ രക്ഷിച്ചു എങ്കിലും റീബൗണ്ടിൽ സാദിയോ മാനെ ഗോൾ കണ്ടത്തി. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് മൈൻസിന് ലഭിച്ച പെനാൽട്ടി ജോനാഥൻ എടുത്തു, എന്നാൽ പെനാൽട്ടി ന്യൂയറിന്റെ പകരക്കാരൻ ഗോൾ കീപ്പർ ഉൽറെച് തടഞ്ഞു. എന്നാൽ തുടർന്ന് ലഭിച്ച കോർണറിൽ നിന്നു സിൽവൻ വിഡ്മർ മൈൻസിന് ആയി ഒരു ഗോൾ മടക്കി. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ മാനെയുടെ പാസിൽ നിന്നു ലിയോൺ ഗൊരേസ്ക ബയേണിന്റെ നാലാം ഗോളും കണ്ടത്തി. 79 മത്തെ മിനിറ്റിൽ പകരക്കാരനായ മാർസൽ സാബിറ്റ്സറിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മാനെക്ക് പകരക്കാരനായി ഇറങ്ങിയ 17 കാരൻ യുവതാരം മതിയാസ് ടെൽ ബയേണിന്റെ അഞ്ചാം ഗോളും നേടി.

മൂന്നു മിനിറ്റിനുള്ളിൽ ഡെലാനയുടെ പാസിൽ നിന്നു മാർകസ് മൈൻസിന് ആയി ഒരു ഗോൾ കൂടി മടക്കി. എന്നാൽ മൂന്നു മിനിറ്റിനുള്ളിൽ കിങ്സ്ലി കോമാന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ചുപോ മോട്ടിങ് ബയേണിന്റെ വമ്പൻ ജയം പൂർത്തിയാക്കുക ആയിരുന്നു. അതേസമയം ബയേർ ലെവർകുസനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആർ.ബി ലൈപ്സിഗ് മറികടന്നു. ജയത്തോടെ ലീഗിൽ അഞ്ചാമത് എത്താൻ അവർക്ക് ആയി. ക്രിസ്റ്റഫർ എങ്കുങ്കു, തിമോ വെർണർ എന്നിവർ ആണ് ലൈപ്സിഗ് ഗോളുകൾ നേടിയത്. ലീഗിൽ മോശം ഫോമിലുള്ള ലെവർകുസൻ നിലവിൽ ലീഗിൽ പതിനാറാം സ്ഥാനത്താണ്.