തുടർച്ചയായ മൂന്നു സമനിലകൾക്ക് ശേഷം സീസണിലെ ആദ്യ തോൽവി വഴങ്ങി ബയേൺ മ്യൂണിക്

ജർമ്മൻ ബുണ്ടസ് ലീഗയിൽ സീസണിലെ ആദ്യ തോൽവി വഴങ്ങി ബയേൺ മ്യൂണിക്. ലീഗിൽ തുടർച്ചയായ മൂന്നു സമനിലകൾക്ക് ശേഷമാണ് അവർ ബവേറിയൻ ഡാർബിയിൽ ഓഗ്സ്ബർഗിന് എതിരെ ഒരു ഗോളിന്റെ തോൽവി വഴങ്ങിയത്. ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയെ തോൽപ്പിച്ചു എത്തിയ ബയേൺ ശക്തമായ ടീമിനെ തന്നെയാണ് കളത്തിൽ ഇറക്കിയത്. മത്സരത്തിൽ 76 ശതമാനം സമയം പന്ത് കൈവശം വച്ച ജർമ്മൻ ചാമ്പ്യന്മാർ നിരവധി അവസരങ്ങളും സൃഷ്ടിച്ചു.

എന്നാൽ അവസരം കിട്ടുമ്പോൾ എല്ലാം ബയേണിനെ ഓഗ്സ്ബർഗ് പരീക്ഷിച്ചു. രണ്ടാം പകുതിയിൽ 59 മത്തെ മിനിറ്റിൽ ഫ്രീകിക്കിൽ നിന്നു ലഭിച്ച അവസരത്തിൽ ലാഗോയുടെ പാസിൽ നിന്നു മെർഗിം ബെരിഷയാണ് ഓഗ്സ്ബർഗിന് ആയി ഗോൾ നേടിയത്. ബയേണിന്റെ ശ്രമങ്ങൾക്ക് മുന്നിൽ ഓഗ്സ്ബർഗ് ഗോൾ കീപ്പർ തടസം നിന്നു. സ്വന്തം മൈതാനത്ത് സീസണിലെ ആദ്യ ജയം ആണ് ഓഗ്സ്ബർഗിന് ബയേണിനു ആവട്ടെ സീസണിലെ ആദ്യ പരാജയവും. നിലവിൽ ലീഗിൽ നാലാമത് ആണ് ബയേൺ.