ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് ലെപ്സിഗ്

- Advertisement -

ബുണ്ടസ് ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യുണിക്കിനെ സമനിലയിൽ തളച്ച് ആർബി ലെപ്സിഗ്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചു. ഇന്നത്തെ സമനില ലെപ്സിഗിനെ പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്തെത്തിച്ചു. ആവേശോജ്വലമായ മത്സരം തുടക്കം മുതൽക്ക് തന്നെ അക്രമണ ഫുട്ബോൾ കാണാൻ സാധിച്ചിരുന്നു.

ബയേണിന് വേണ്ടി ലെവൻഡോസ്കിയും ലെപ്സിഗിന് വേണ്ടി എമിൽ ഫോഴ്സ്ബർഗും സ്കോർ ചെയ്തു. കളിയുടെ മൂന്നാം മിനുട്ടിൽ തന്നെ ലെവൻഡോസ്കിയിലൂടെ ബയേൺ സ്കോർ ചെയ്തു. ബയേണിന് വേണ്ടി ലെവൻഡോസ്കിയുടെ 199 ആം ഗോളായിരുന്നു അത്. ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് ഒരു പെനാൽറ്റിയിലുടെ ലെപ്സിഗ് സമനില നേടി. ഫ്രഞ്ച് താരം ലൂക്കാസ് ഹെർണാണ്ടസ് യൂസഫ് പോൾസണ്ണെ ബോക്സിൽ വീഴ്ത്തിയപ്പൊൾ ലഭിച്ച പെനാൽറ്റി ഫോഴ്സ്ബർഗ് ലക്ഷ്യം കണ്ടു. ബയേൺ ഗോൾ കീപ്പർ മാനുവൽ നുയറിന്റെ തകർപ്പൻ സേവുകളാണ് ജയം സ്വന്തമാക്കുന്നതിൽ നിന്നും ലെപ്സിഗിനെ തടഞ്ഞത്.

Advertisement