ബയേണിന്റെ വലയിലേക്ക് ആദ്യം ഒരു ഗോൾ അടിച്ച് കയറ്റിയത് മാത്രമേ വെർഡർ ബ്രെമന് ഓർമ്മയിൽ കാണൂ. പിന്നീട് അവരുടെ വല നിറച്ച ബയേണിന്റെ ജയം അവസാനം 6-1 ന്. ജയത്തോടെ ലീഗിൽ നാലാം സ്ഥാനത്തേക്ക് ഉയരാൻ ബയേണിനായി. ഫിലിപ് കുട്ടീഞ്ഞോയുടെ ഹാട്രിക് പ്രകടനമാണ് ജർമ്മൻ ചാംപ്യന്മാർക്ക് ജയം സമ്മാനിച്ചത്.
കളിയുടെ ആദ്യ പകുതിയിൽ അവസാനം വരെ ആധിപത്യം പുലർത്തിയ ബ്രെമന് കളി കൈവിട്ടത് 45 മിനുട്ടിന് ശേഷമാണ്. 24 ആം മിനുട്ടിൽ രാശികയുടെ ലോങ് റേഞ്ച് ഗോളിൽ മുന്നിൽ എത്തിയ അവർ വിറപ്പിക്കും എന്ന് തോന്നിച്ചെങ്കിലും 45 ആം മിനുട്ടിൽ കുട്ടീഞ്ഞോ അവരുടെ പ്രതീക്ഷകൾ തകർത്തു സ്കോർ 1-1 ആക്കി. ആദ്യ പകുതി അവസാനിക്കും മുൻപ് ലവൻഡസ്കിയുടെ ഗോളിൽ ബയേണിന്റെ ലീഡും പിറന്നതോടെ കളിയിൽ ബ്രെമന്റെ പിടി വിട്ടു.
രണ്ടാം പകുതിയിൽ കുട്ടീഞ്ഞോയുടെ ഹാട്രിക് നേട്ടം പൂർത്തിയായി. കൂടാതെ ലവൻഡസ്കിയുടെ രണ്ടാം ഗോളും പിറന്നു. ശേഷിച്ച ഏക ഗോൾ നേടിയത് തോമസ് മുള്ളറാണ്.