റോബൻ ബയേൺ മ്യൂണിക്കിനോട് വിടപറയുന്നു

- Advertisement -

ബയേൺ മ്യൂണിക്ക് വിങ്ങർ ആര്യൻ റോബൻ ക്ലബ്ബ് വിടാൻ തീരുമാനിച്ചു. ഈ സീസൺ അവസാനത്തോടെ താൻ ക്ലബ്ബിനോട് വിട പറയും എന്ന് താരം സ്ഥിതീകരിച്ചു. ബയേ ണുമായുള്ള പത്ത് വർഷത്തെ ബന്ധമാണ് ഇതോടെ താരം അവസാനിപ്പിക്കുന്നത്. 2009 ലാണ് ഹോളണ്ട് ദേശീയ താരമായിരുന്ന റോബൻ ജർമ്മൻ ചാംപ്യന്മാരുടെ അടുത്തെത്തുന്നത്.

ക്രിസ്റ്റിയാനോ റൊണാൾഡോ, കക എന്നിവർ മാഡ്രിഡിൽ എത്തിയതോടെ ടീമിൽ ഇടം നഷ്ടപ്പെട്ട റോബൻ ജർമ്മനിയിൽ എത്തിയതോടെ ബയേണിന്റെ അഭിവാജ്യ ഘടകമായി. ബവേറിയന്മാർക്കൊപ്പം 7 ബുണ്ടസ് ലീഗ കിരീടങ്ങൾ നേടിയ താരം 4 ഡി എഫ് ബി പോകൽ കിരീടവും നേടി. 2013 ൽ വെംബ്ലിയിൽ ഡോർട്ട്മുണ്ടിനെ തോൽപിച്ചു ബയേൺ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആയപ്പോൾ വിജയ ഗോൾ നേടിയതും റോബനായിരുന്നു.

പരിക്കുകൾ കരിയറിൽ ഏറെ വലച്ചെങ്കിലും ബയേണിനായി 198 ലീഗ് മത്സരങ്ങളിൽ നിന്ന് 98 ഗോളുകൾ നേടാനും താരത്തിനായിട്ടുണ്ട്. ഈ സീസണിൽ ബയേണിന്റെ 13 ലീഗ് മത്സരങ്ങളിൽ 7 എണ്ണത്തിൽ മാത്രമാണ് താരത്തിന് കളിക്കാനായത്. കാലിനേറ്റ പരിക്ക് ആണ് കാരണം. റോബനൊപ്പം 2019 ജൂണിൽ ബയേണുമായുള്ള കരാർ അവസാനിക്കുന്ന ഫ്രാങ്ക് റിബറിയും ക്ലബ്ബ് വിടും എന്നുറപ്പായിട്ടുണ്ട്.

Advertisement